ഗുജറാത്ത് തീരത്ത് വമ്പൻ ലഹരിവേട്ട, രണ്ടിടങ്ങളിലായി 1719 കോടിയുടെ ലഹരിമരുന്ന് പിടിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വമ്പൻ ലഹരിവേട്ട. ഇറാനിൽ നിന്നും പാകിസ്ഥാനിൽ നിന്നും കടത്തിയ 1719 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. പാക് ബോട്ടും 9 പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. മുന്ദ്രാ തുറമുഖത്തെ മൂവായിരം കിലോയുടെ ലഹരിവേട്ടയ്ക്ക് പിന്നാലെയാണ് ഗുജറാത്തിൽ വീണ്ടും വൻ ലഹരിവേട്ടയുണ്ടാകുന്നത്.
കണ്ഡ്ലാ തുറമുഖത്ത് ഇറാൻ നിന്ന് എത്തിയ പതിനേഴ് കണ്ടെയിനറുകളിൽ നിന്നാണ് 1439 കോടി രൂപയുടെ ഹെറോയിൻ കണ്ടെത്തിയത്. ഇതുവരെ നടന്ന പരിശോധനയിൽ 205 കിലോ ഹെറോയിനാണ് കണ്ടെത്തിയത്.കണ്ടെയിനറുകളിലായി 10,318 ബാഗുകളുണ്ട്. ഇതിൽ പരിശോധന തുടരുകയാണ്. ജിപ്പ്സം പൌഡറെന്ന വ്യാജേനയാണ് ലഹരി എത്തിച്ചത്. കേസിൽ ഇവ ഇറക്കുമതി ചെയ്ത് ഉത്തരാഖണ്ഡ് കമ്പനിയുടെ ഉടമയെ ഡിആർഐ അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടില്ല. കേസിൽ കുടൂതൽ പേരിലേക്ക് അന്വേഷണം നീളുമെന്നാണ് വിവരം.
280 കോടിയുടെ ഹെറോയിനുമായി പാക്ക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ, 9 പാക്ക് പൌരന്മാരും പിടിയിൽ
ഇതിനിടെ ഗുജറാത്ത് തീരത്ത് കോസ്റ്റ് ഗാർഡ് നടത്തിയ പരിശോധനയിലാണ് ലഹരിയുമായി പാക് ബോട്ട് പിടികൂടിയത്. ഒന്‍പത് പേരാണ് ബോട്ടിലുണ്ടായിരുന്നത്. 280 കോടിയുടെ ഹെറോയിനാണ് കണ്ടെത്തിയത്. പാക് ബോട്ട് ‘അൽ ഹജ്’ ഇന്ത്യൻ സമുദ്രാതിർത്തിയിലേക്ക് കടക്കുമ്പോഴാണ് കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. ബോട്ട് നിർത്താതിനെ തുടർന്ന് വെടിവെക്കേണ്ടി വന്നെന്ന് കോസ്റ്റ് ഗാർഡ് വ്യക്തമാക്കി. വെടിവെപ്പിൽ ബോട്ടിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.