വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം; മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം
കൊച്ചി: സ്ത്രീപീഡന കേസുകളിൽ കൊച്ചിയിലെ പ്രശസ്ത ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. നാല് കേസുകളിലാണ് ഇയാൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. ഓരോ ലക്ഷം വീതം ജാമ്യത്തുക കെട്ടിവയ്ക്കണം, ബുധനാഴ്ച മുതൽ നാല് ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നീ നിബന്ധനകളോടെയാണ് ജാമ്യം അനുവദിച്ചത്. അനീസ് അൻസാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പൊലീസ് സ്റ്റേഷനിൽ പാസ്പോർട്ട് ഹാജരാക്കണമെന്നും, അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും നിർദേശമുണ്ട്.
എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയായ അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പൊലീസാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവാഹമേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന സ്ത്രീകളുടെ പരാതിയെ തുടർന്നാണ് കേസ്. യുവതികൾ അനീസ് അൻസാരിക്കെതിരെ മീടു പോസ്റ്റിട്ടതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.