യുവതിയുടെ സ്വർണാഭരണങ്ങൾ അടിച്ചുമാറ്റി മുങ്ങിയ യുവാവ് അറസ്റ്റിൽ
മലപ്പുറം: യുവതിയുടെ സ്വർണാഭരണങ്ങൾ അടിച്ചുമാറ്റി മുങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് അറസ്റ്റിലായത്. പ്രതിയുടെ നാട്ടുകാരിതന്നെയാണ് തട്ടിപ്പിനിരയായതും. യുവതിയെ സൗഹൃദം നടിച്ച് കല്പറ്റയിലെ ലോഡ്ജിൽ എത്തിച്ച് മുറിയെടുത്തു. തുടർന്ന് യുവതി കുളിമുറിയിൽ കയറിപ്പോൾ പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് കല്പറ്റ പൊലീസ് ഇയാളെ പിടികൂടിയത്.
അതിവിദഗ്ദ്ധമായാണ് ഇയാൾ മോഷണം നടത്തുന്നത്. നല്ല പെരുമാറ്റമായതിനാൽ ആർക്കും സംശയം തോന്നില്ല. സൗഹൃദം നടിച്ചാണ് സ്ത്രീകളെ വലയിലാക്കുന്നത്. ഒപ്പം വിവാഹ വാഗ്ദ്ധാനവും നൽകും. തുടർന്നാണ് ലോഡ്ജുകളിലേക്ക് കൊണ്ടുപോകുന്നത്. ഇവിടങ്ങളിൽ ഒരിക്കലും സ്വന്തം തിരിച്ചറിയൽ രേഖകൾ നൽകാറില്ല. സിം കാർഡുകളും സ്വന്തം പേരിലായിരുന്നില്ല. ഒരു തട്ടിപ്പിന് ഉപയോഗിച്ച ഫോണും സിം കാർഡും വീണ്ടും ഉപയോഗിക്കാറുമില്ല.
ഹോട്ടലുകളിലെയും ലോഡ്ജുകളിലെയും സി സി ടി വി കാമറകളിൽ മുഖം പതിയാതിരിക്കാൻ തൊപ്പി ഒരു പ്രത്യേക രീതിയിലാണ് ധരിക്കുന്നത്. കല്പറ്റയിലെ ലോഡ്ജിലെ കാമറയിലും ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും ഒന്നിനും വ്യക്തത ഉണ്ടായിരുന്നില്ല. പ്രതിയെക്കുറിച്ച് ഒരുതുമ്പും ലഭിക്കാത്തതിനാൽ സംസ്ഥാനത്തിനകത്തും പുറത്തുമുളള ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് വിവരം നൽകിയിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. മംഗലപുരത്തെ ഒരു ലോഡ്ജിൽ ഇയാൾ മുറിയെടുത്തപ്പോൾ സംശയം തോന്നിയ ലോഡ്ജ് അധികൃതര്‍ കല്പറ്റ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പല ജില്ലകളിലായി 18 പൊലീസ് സ്റ്റേഷനുകളില്‍ അബ്ദുല്‍ ഹമീദിനെതിരെ കേസുണ്ട്. ഇയാളുടെ പേഴ്സ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. കേസുള്ള സ്റ്റേഷന്റെ പേരുകള്‍ കടലാസിലെഴുതി പേഴ്സില്‍ സൂക്ഷിക്കുകയായിരുന്നു. പരിശോധിച്ചപ്പോള്‍ ഇതെല്ലാം ശരിയായിരുന്നെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ചെടുക്കുന്ന സ്വർണം ജുവലറികളിലാണ് ഇയാൾ വിറ്റതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.