അവൾ ഞങ്ങൾക്ക് മകളെപ്പോലെ, ഹിന്ദു പെൺകുട്ടിയുടെ വിവാഹത്തിനായി സ്വന്തം വീട് വിട്ടുനൽകി മുസ്ലീം കുടുംബം
അസംഗർ: മതസൗഹാർദത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി യുപിയിലെ ഒരു കല്ല്യാണം. അയൽക്കാരിയായ ഹിന്ദു യുവതിയുടെ വിവാഹത്തിനായി സ്വന്തം വീട് മുസ്ലിം കുടുംബം വിട്ടുനൽകി. ഉത്തർപ്രദേശിലെ അസംഗർ ജില്ലയിലാണ് സംഭവം.വിവാഹം ഓഡിറ്റോറിയത്തില്‍ നടത്താന്‍ വധുവിന്റെ കുടുംബത്തിന് പണമില്ലാതെ വന്നതോടെയാണ് മുസ്ലിം കുടുംബം സഹായവുമായി എത്തിയത്. ഇവർ വിവാഹ ഘോഷയാത്രയും സ്വാഗതം ചെയ്തു. വധുവിന്റെ ബന്ധുക്കൾക്കൊപ്പം ആഘോഷങ്ങളിലും മുസ്ലിം കുടുംബം പങ്കെടുത്തു.ഏപ്രിൽ 22നായിരുന്നു യുവതിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഓഡിറ്റോറിയത്തില്‍ നടത്താനുള്ള പണം ഈ കുടുംബത്തിന്റെ പക്കൽ ഇല്ലായിരുന്നു. ഇതോടെ സഹായമഭ്യർത്ഥിച്ച് അയൽവാസിയായ മുസ്ലീം കുടുംബത്തെ സമീപിക്കുകയായിരുന്നു. യുവതിയുടെ അച്ഛൻ നേരത്തെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു.അയൽക്കാരനായ പർവേസിനോട് സഹായം ചോദിച്ചപ്പോൾ ഒരു മടിയും കൂടാതെ വീടിന്റെ മുറ്റത്ത് വിവാഹം നടത്താൻ അനുവദിക്കുകയായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ രാജേഷ് ചൗരസ്യ പറഞ്ഞു. വിവാഹത്തിനായി കുടുംബം വീട്ടുമുറ്റം ഒഴിഞ്ഞുകൊടുത്തു. വിവാഹ മണ്ഡപവും ഇവർ തന്നെ ഒരുക്കി. വീട്ടുമുറ്റം പന്തലിടാൻ ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.വിവാഹത്തിന് ശേഷം അതിഥികൾക്ക് പരമ്പരാഗത ഭക്ഷണവും നൽകി. വരന് ഒരു സ്വർണ്ണ ചെയിനും പർവേസ് നൽകിയിരുന്നു. വധുവായ പൂജയെ സ്വന്തം മകളെപ്പോലെ കണ്ടാണ് ഇവർ അതിഥികളോട് പെരുമാറിയതെന്ന് ചൗരസ്യ പറഞ്ഞു.പൂജയ തന്റെ മകളെപ്പോലെയാണെന്നും ഈ വീട്ടുകാർ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും പർവേസിന്റെ ഭാര്യ നാദിറ പറഞ്ഞു. ഇത് വിശുദ്ധ റംസാൻ മാസമാണ്. ഒരു മകളുടെ വിവാഹം സംഘടിപ്പിക്കുന്നതിനേക്കാൾ മികച്ചതായി മറ്റെന്താണുള്ളതെന്നും നാദിറ ചൂണ്ടിക്കാട്ടി.അവരുടെ വ്യത്യസ്ത മതങ്ങളെക്കുറിച്ചും നാദിറ സംസാരിച്ചു. ‘ഞങ്ങൾക്ക് വ്യത്യസ്ത വിശ്വാസങ്ങളുണ്ട്, വ്യത്യസ്ത ദൈവങ്ങളുണ്ട്. എന്നാൽ മനുഷ്യരായ നമ്മുടെ പെൺമക്കളുടെ സന്തോഷം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണ്. ഞങ്ങൾ അത് മാത്രമാണ് ചെയ്തത്’ – നാദിറ കൂട്ടിച്ചേർത്തു.