വിദ്യാർത്ഥികളെല്ലാം ക്ലാസിലേക്ക് നിർബന്ധമായി ബൈബിൾ കൊണ്ടുവരണം; അടുത്ത വിവാദത്തിന് തുടക്കം കുറിച്ച് ക്രിസ്ത്യൻ സ്കൂൾ
ബംഗളൂരു: ഹിജാബ്, ഹലാൽ തുടങ്ങിയ മതപരമായ തർക്കങ്ങൾക്ക് പിന്നാലെ അടുത്ത പ്രശ്നത്തിന് തുടക്കമിട്ടുകൊണ്ട് ബംഗളൂരുവിലെ ഒരു സ്കൂൾ രംഗത്ത്. വിദ്യാർത്ഥികളോട് ക്ലാസിലേക്ക് ബൈബിൾ നിർബന്ധമായി കൊണ്ടുവരാനാണ് തലസ്ഥാനത്തെ ക്ലാരൻസ് ഹൈ സ്കൂൾ നിർദേശിച്ചിരിക്കുന്നത്. രക്ഷിതാക്കൾ ഇത് തടയാൻ പാടില്ലെന്നും സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ഒരു പ്രസ്താവനയും അഡ്മിഷൻ സമയത്ത് മാതാപിതാക്കൾ ഒപ്പിട്ടുനൽകണമെന്ന നിബന്ധനയുമുണ്ട്.സ്കൂളിന്റെ ഈ നടപടി സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് കാട്ടി ചില വലതുപക്ഷ സംഘടനകൾ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. ക്രിസ്ത്യൻ സമുദായത്തിൽ പെടാത്ത വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ടെന്നും അവരെ ബെബിൾ വായിക്കാൻ സ്കൂൾ മാനേജ്മെന്റ് നിർബന്ധിക്കുകയാണെന്നും ഹിന്ദു ജനജാഗ്രതി സമിതിയുടെ സംസ്ഥാന വക്താവ് മോഹൻ ഗൗഡ ആരോപിച്ചു.അതേസമയം, ഈ നടപടിയെ ന്യായീകരിച്ചുകൊണ്ട് സ്കൂൾ അധികൃതരും രംഗത്തുവന്നു. ബൈബിൾ അധിഷ്ഠിത വിദ്യാഭ്യാസമാണ് തങ്ങൾ നൽകുന്നതെന്നാണ് സ്കൂളിന്റെ നിലപാട്. പതിനൊന്നാം ക്ലാസിന്റെ അഡ്മിഷൻ ഫോമിൽ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ മാതാപിതാക്കൾ ഒപ്പിട്ടുനൽകുന്നുണ്ടെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ആ പ്രസ്താവന പ്രകാരം കുട്ടി ബൈബിൾ പഠനവുമായി ബന്ധപ്പെട്ട സൺഡേ സ്കൂളിലും മറ്റ് ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതും ക്ലാസിൽ ബൈബിൾ കൊണ്ടുപോകുന്നതും മാതാപിതാക്കൾ എതിർക്കാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്.കുട്ടികളുടെ ധാർമികവും ആത്മീയവുമായ ക്ഷേമത്തിനായിട്ടാണ് ഈ നടപടിയെന്നാണ് സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ്ഗീത ചേർക്കുന്നത് സംബന്ധിച്ച ചർച്ച അടുത്തിടെ വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇക്കാര്യത്തിൽ ചർച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.