മാരകായുധങ്ങളുമായി ആർ എസ് എസ് പ്രവർത്തകർ പിടിയിൽ; പ്രതികൾ എത്തിയത് എസ് ഡി പി ഐ പഞ്ചായത്തംഗത്തെ വധിക്കാൻ
ആലപ്പുഴ: മണ്ണഞ്ചേരിയിൽ മാരകായുധങ്ങളുമായി ആർ എസ് എസ് പ്രവർത്തകർ പിടിയിൽ. സുമേഷ്, ശ്രീനാഥ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. മണ്ണഞ്ചേരി പഞ്ചായത്തംഗം നവാസ് നൈനയെ വധിക്കാനാണ് ഇവരെത്തിയതെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് വധശ്രമത്തിന് കേസെടുത്തതെന്നാണ് സൂചന.
എസ് ഡി പി ഐ നേതാവ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. സംശയാസ്പദമായി രണ്ട് പേരെ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് വടിവാളുകൾ പിടിച്ചെടുത്തു.
എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ കഴിഞ്ഞ ഡിസംബർ 18നാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായി 19ന് പുലർച്ചെ ആറരയോടെ ബി ജെ പി, ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി രൺജിത്ത് ശ്രീനിവാസിനെ വീട്ടിൽ കയറി മാതാവിന് മുന്നിലിട്ട് വെട്ടിക്കൊന്നിരുന്നു.