വീണ്ടും ആശങ്ക, രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി; നാലാം തരംഗത്തിന്റെ തുടക്കം?
ന്യൂഡൽഹി: രാജ്യത്ത് പ്രതിവാര കൊവിഡ് കേസുകൾ ഇരട്ടിയായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15,000ത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 2593 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,30,57,545 ആയി ഉയർന്നു.ഇന്നലെ 44 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 5,22,193 ആയി. ഡൽഹിയിൽ തുടർച്ചയായ മൂന്നാം ദിവസവും ആയിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1083 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് നാലാം തരംഗം നേരിടുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി മറ്റന്നാൾ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ യോഗത്തിൽ അവതരിപ്പിക്കും. ഒമിക്രോൺ വ്യാപനത്തെ തുടർന്ന് ജനുവരി 13നാണ് പ്രധാനമന്ത്രി ഇതിന് മുൻപ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.