ഇനി യുഎഇയിലെ ഇന്ത്യക്കാർക്കും യുപിഐ വഴി പണമിടപാട് നടത്താം, സേവനം ലഭ്യമാക്കുക ഇവിടെയെല്ലാം
അബുദാബി: യുപിഐ ആപ്പുകൾ വഴി ഇന്ത്യക്കാർക്ക് ഇനിമുതൽ യുഎഇയിൽ പണമിടപാടുകൾ നടത്താം. ഇന്ത്യയിൽ യുപിഐ അധിഷ്ഠിതമായ ബാങ്ക് അക്കൗണ്ടുളളവർക്കും ഭീം ആപ്പ് ഉളളവർക്കുമാണ് ഇതിന് സാദ്ധ്യമാകുക. എന്നാൽ യുഎഇയിൽ എല്ലായിടത്തും ഈ സൗകര്യം ലഭിക്കില്ല. മഷ്റെക്വ് ബാങ്കിന്റെ നിയോപേ അംഗീകരിച്ച സ്ഥാപനങ്ങളിലാണ് യുപിഐ അധിഷ്ഠിത പണമിടപാട് നടത്താവുന്നത്.നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) മഷ്റെക്വ് ബാങ്കുമായി സഹകരിച്ചാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. നേപ്പാളിനും ഭൂട്ടാനും ശേഷം യുപിഐ സേവനങ്ങൾക്ക് അംഗീകാരം ലഭിക്കുന്ന രാജ്യമാണ് യുഎഇ. 2021ലാണ് ഭൂട്ടാനിൽ യുപിഐ അംഗീകരിച്ചത്.ഇന്ത്യൻ യാത്രികർക്ക് സേവനങ്ങൾ ലഭിക്കാൻ എൻപിസിഐയുടെ ആഗോള വിഭാഗമായ എൻ ഐ പി എൽ വിവിധ രാജ്യങ്ങളിൽ സാമ്പത്തിക സേവന ദാതാക്കളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു. ഈ വർഷം അവസാനം തന്നെ സിംഗപ്പൂരിലും യുപിഐ സേവനങ്ങൾ ലഭ്യമാക്കുമെന്നാണ് വിവരം.
ഇന്ത്യൻ സഞ്ചാരികളുടെ മികച്ച വിപണികളിലൊന്നാണ് യുഎഇ. എൻഐപിഎല്ലുമായുളള സഹകരണം എല്ലാവർഷവും യുഎഇ സന്ദർശിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിനോദ സഞ്ചാരികൾക്ക് സുരക്ഷിതവും തടസമില്ലാത്തതുമായ ഇടപാടുകൾ സാദ്ധ്യമാക്കുമെന്ന് നിയോപെ സിഇഒ വിഭോർ മുന്ധാദ പറഞ്ഞു.