സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സിപിഒ ഷബീറിന് സസ്പെൻഷൻ പുത്തരിയല്ല; അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിന് പിടിച്ചതിനടക്കം വാങ്ങിക്കൂട്ടിയത് അഞ്ചെണ്ണം
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയിൽ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിൽ വിവാദത്തിലായ സി പി ഒ എം ഷബീറിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സൂചന. സമാന സംഭവങ്ങളുടെ പേരിൽ അഞ്ചു തവണ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥനാണ് ഷബീർ. അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിൽ കയറിപിടിച്ചതാണ് ഇവയിൽ ഏറ്റവും വിവാദമായത്.
2011ൽ കേബിൾ കണക്ഷൻ വാടകതുക വാങ്ങാനായി എത്തിയ ആളെ ആക്രമിച്ച സംഭവത്തിൽ ഷബീറിനെതിരെ കേസ് എടുത്തിരുന്നു. തുമ്പ പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച കേസുണ്ട്. ഇതേ വർഷം തന്നെ സുഹൃത്തുക്കളുമായി ചേർന്ന് ഒരാളെ ആക്രമിച്ചതിനും ഇയാൾക്കെതിരെ പരാതി ഉയർന്നിരുന്നു. മെഡിക്കൽ പൊലീസ് സ്റ്റേഷനിൽ ആയിരിക്കെ അഭിഭാഷകനെ മർദിച്ചതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മദ്യപിച്ച് കാറോടിച്ച ഇയാളെ 2019 ജൂണിൽ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിൽ എത്തിച്ച സമയത്ത് അവിടെയുണ്ടായിരുന്നു അസിസ്റ്റന്റ് കമ്മീഷണറുടെ കോളറിൽ പിടിച്ച് അപമര്യാദയായി പെരുമാറിയതിന് വകുപ്പുതല നടപടിയും നേരിട്ടു. ഇതിന്റെ പേരിൽ ലഭിച്ച സസ്പെൻഷൻ കഴിഞ്ഞ് സർവീസിൽ കയറി അധികനാളാകും മുൻപാണ് പുതിയ വിവാദം.
കഴക്കൂട്ടം മങ്ങാട്ടുകോണം സ്വദേശിയായ ഷബീർ ഇപ്പോൾ മംഗലാപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ്. കെ റെയിൽ പ്രതിഷേധക്കാരെ മർദിച്ച സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ചവിട്ടേണ്ട സാഹചര്യമില്ലായിരുന്നെന്ന് സ്പെഷ്യൽ ബ്രാഞ്ച് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കി. ഈ സംഭവത്തിലും സസ്പെൻഷൻ നേരിടേണ്ടി വരുമെന്നാണ് വിവരം. സംഘർഷ സാദ്ധ്യതയുണ്ടായിട്ടും പൊലീസ് വേണ്ടത്ര മുന്നൊരുക്കം നടത്തിയില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തൽ.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കഴക്കൂട്ടത്തിനടുത്ത് കണിയാപുരം കരിച്ചാറയിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും കോൺഗ്രസിന്റെ നേതൃത്വത്തിൽ കെ-റെയിൽ വിരുദ്ധ സമരസമിതി പ്രവർത്തകരും സംഘടിച്ചെത്തി തടഞ്ഞത്. ഇതോടെ പൊലീസ് നിയന്ത്രണംവിട്ട് അഴിഞ്ഞാടുകായിരുന്നു. സമരക്കാരുടെ ഇടുപ്പിലും വയറ്റിലും ബൂട്ടിട്ടു ചവിട്ടി. കണ്ണിൽകണ്ടവരെയെല്ലാം തല്ലി. സാരമായി മർദ്ദനമേറ്റ കോൺഗ്രസ് പ്രവർത്തകൻ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം കുഴിവിള വീട്ടിൽ ജോയി (46), ശരീരമാസകലം അടിയേറ്റ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ എസ്.കെ. സുജി (35) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോയി ഇപ്പോഴും ചികിത്സയിലാണ്.