തിരുവനന്തപുരം: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പയ്ക്കെതിരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യെദിയൂരപ്പയുടെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി കെഎസ്യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ചാടി വീഴുകയായിരുന്നു.വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ഏരിയയിലായിരുന്നു പ്രതിഷേധം. പാര്‍ക്കിംഗ് ഏരിയ ഭാഗത്ത് ഒളിച്ചിരുന്ന മൂന്ന് കെഎസ്യു പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
തിങ്കളാഴ്ച തന്പാനൂരില്‍ വച്ച് യെദിയൂരപ്പയെ കെഎസ്യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് കൂടുതല്‍ പോലീസിനെ വിന്യസിച്ചിരുന്നെങ്കിലും പ്രതിഷേധക്കാരെ നേരത്തെ കണ്ടെത്തി തടയാന്‍ പോലീസിന് സാധിക്കാതിരുന്നത് ഗുരുതര സുരക്ഷാ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. പൗരത്വഭേദഗതിബില്ലിനെതിരേ പടര്‍ന്ന പ്രതിഷേധത്തില്‍ കര്‍ണാടകയിലുണ്ടായ പ്രതിഷേധത്തിലും വെടിവെപ്പിലും മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വെച്ചതിലുമെല്ലാമുള്ള പ്രതിഷേധമാണ് തലസ്ഥാനത്ത് അണപൊട്ടിയത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ക്കായാണ് യെദ്യൂരപ്പ തിരുവനന്തപുരത്തെത്തിയത്. ഇന്നലെ വൈകിട്ട് ആറു മണിക്കുള്ള പ്രത്യേക വിമാനത്തിലാണ് യെദ്യൂരപ്പ കേരളത്തിലെത്തിയത്