മുസ്ലീം ലീഗ്, യുഡിഎഫിന്റെ നട്ടെല്ല്, കുപ്പായം മാറും പോലെ മുന്നണിമാറ്റമില്ല’: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുന്നണി മാറാൻ ക്ഷണിച്ച സിപിഎമ്മിനെതിരെഒടുവിൽ മുസ്ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ പ്രതികരണം. നേരത്തെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം ആശയക്കുഴപ്പമുണ്ടാക്കിയെന്ന വിമർശനം ലീഗ് നേതൃയോഗം ചർച്ച ചെയ്യുന്നതിന് മുന്നോടിയായാണ് നിലപാട് മാറ്റം.
യുഡിഎഫിന്റെ നട്ടെല്ലാണ് മുസ്ലീം ലീഗെന്നും വസ്ത്രം മാറും പോലെ മുന്നണി മാറുന്ന രീതി ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫിൽ നിന്നും ആരെങ്കിലും അസംതൃപ്തരായി വിട്ട് പോകുമെന്ന വാദത്തിന് അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറത്ത് നടന്ന ലീഗ് നേതൃയോഗത്തിന് മുന്നോടിയായാണ് പികെ കുഞ്ഞാലിക്കുട്ടി, ഇപി ജയരാജന്റെ ക്ഷണത്തോടുള്ള മൃദുസമീപനം മാറ്റി ശക്തമായ നിലപാട് സ്വീകരിച്ചത്. ലീഗിനെ ക്ഷണിച്ച ഇപി ജയരാജന്റെ നിലപാട് സിപിഎം തിരുത്തിയതിന് പിന്നാലെ മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാൻ ലീഗിനെ ഉപദേശിച്ച് എം വി ജയരാജനും രംഗത്തെത്തി.
ജയരാജന്റെ പ്രസ്താവനയോട് ലീഗ് നേതാക്കൾ പല രീതിയിൽ പ്രതികരിച്ചത്. ആശയക്കുഴമുണ്ടാക്കിയതായി ലീഗ് യോഗത്തിൽ വിമർശനമുയർന്നു. റംസാൻ കാലത്തെ ഫണ്ട് പിരിവ് ശക്തമാക്കാൻ ഉള്ള വഴികളും യോഗം ചർച്ച ചെയ്തു. സാധാരണ ലഭിക്കാറുള്ള വാർഷിക ഫണ്ടിന്റെ പകുതി പോലും ഇത്തവണ പിരിച്ചെടുക്കാനായിട്ടില്ല. ലീഗിനുള്ള ജയരാജന്റെ ക്ഷണം സിപിഎം തള്ളിപ്പറഞ്ഞുവെങ്കിലും മുങ്ങുന്ന കപ്പലിൽ നിന്ന് രക്ഷപ്പെടാൻ ഉപദേശിച്ച് എം വി ജയരാജൻ രംഗത്തെത്തി. എന്നാൽ ലീഗിനെ എൽഡിഎഫിലെടുക്കുമോ എന്ന് വ്യക്തമാക്കാനദ്ദേഹം തയ്യാറായില്ല.