രണ്ടുവയസുകാരിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു
ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിൽ രണ്ടു വയസുകാരിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. കവാജ്പൂർ പ്രദേശത്തെ സ്വന്തം വീട്ടിലാണ് ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
രാം കുമാർ യാദവ് (55), ഇയാളുടെ ഭാര്യ കുസും ദേവി (52), മകൾ മനീഷ (25), മരുമകൾ സവിത (27) പേരക്കുട്ടി മീനാക്ഷി (2) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരു പേരക്കുട്ടിയായ സാക്ഷി (5) രക്ഷപ്പെട്ടു. യാദവിന്റെ മകൻ സുനിൽ (30) വീട്ടിലില്ലായിരുന്ന സമയത്താണ് ക്രൂരകൊലപാതകം നടന്നത്.
യാദവിന്റെ വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട അയൽക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി പരിശോധിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. തീ പടർന്നുപിടിച്ച മുറിയുടെ സമീപത്തു നിന്നാണ് സവിതയുടെയും മീനാക്ഷിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
എല്ലാവരും തലയ്ക്കടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് മുറിവുകളിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
ജില്ലയിൽ മറ്റൊരു കൊലപാതകം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് അടുത്ത സംഭവം നടക്കുന്നത്. കഴിഞ്ഞ ഏപ്രിൽ 16ന് മുപ്പത്തിയെട്ടുകാരിയും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺമക്കളും കൊല്ലപ്പെട്ടിരുന്നു. പ്രീതി തിവാരി മക്കളായ മാഹി (12), പിഹു (8), കുഹു (3) എന്നിവരാണ് കഴുത്തിന് മുറിവേറ്റ് കൊല്ലപ്പെട്ടത്. പ്രീതിയുടെ ഭർത്താവായ രാഹുൽ ഭാര്യയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു.