ശമ്പള ബാധ്യത സര്‍ക്കാരിനില്ല’, കെഎസ്ആർടിസിയിൽ നിലപാടാവര്‍ത്തിച്ച് ഗതാഗത മന്ത്രി, പിന്തുണച്ച് ധനമന്ത്രിയും
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ പരിഹാരം നീളുമെന്നുറപ്പായി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നാവര്‍ത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തി. സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്ഥിരീകരിച്ചതോടെ ഇക്കാര്യം സർക്കാർ നിലപാടാണെന്ന് വ്യക്തമായി. തൊഴിലാളി യൂണിയനുകളുമായി ഗതാഗതമന്ത്രി തിങ്കളാഴ്ച ചര്‍ച്ച നടത്താനിരിക്കെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആൻറണി രാജുവിന്റെ പരാമർശം. ശമ്പളം കൊടുക്കേണ്ടത് മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സക്കാരിനാകില്ലെന്നും വ്യക്തമാക്കിയ മന്ത്രി, കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായം തുടരുമെന്നും അറിയിച്ചു. മുഴുവൻ ചിവലും ഏറ്റെടുക്കാനാകില്ലെന്നും എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും മന്ത്രി ആവര്‍ത്തിക്കുന്നു.
സർക്കാർ നിലപാട് വ്യക്തമാക്കിയതോടെ കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം വരുംമാസങ്ങളിലും കൃത്യമായി വിതരണം ചെയ്യുമെന്ന് ആര്‍ക്കും ഉറപ്പില്ല. 84 കോടിയോളം പ്രതിമാസം ശമ്പളവിതരണത്തിന് മാത്രം വേണം. പ്രതിമാസം വരുമാനം 150 കോടിയോളമാണ്. ഇതിന്റെ 75 ശതമാനവും ഇന്ധനച്ചലവാണ്. പ്രതിദിനം ഒരു കോടിയോളം ദീര്‍ഘകാല വായ്പ തിരിച്ചടവാണ്. സ്പെയര്‍ പാര്‍ട്സടക്കമുള്ള മറ്റു ചെലവുകള്‍ക്കായുള്ല പണം കൂടി കിഴച്ചാല്‍ ശമ്പള വിതരണത്തിന് പണമില്ല. ബജറ്റില്‍ അനുവദിച്ച 1000 കോടിയില്‍ 800 കോടിയോളം പെന്ഷന് നീക്കി വക്കും സര്‍ക്കാര്‍ സഹായമായി പ്രതിമാസം 30 കോടിയില്‍ കൂടുതല്‍ കിട്ടില്ല. ഇതാണ് ശമ്പള പ്രതിസന്ധിക്ക് കാരണം.
ഗതാഗതമന്ത്രിയുടെ നിലപാടിനെതിരെ സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ തീരുമാനമാണെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കി. വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. ടോൾ പ്ലാസയിൽ പോലും കെഎസ്ആർടിസിക്ക് മുപ്പത് കോടി ബാധ്യതയുണ്ട്. ആ നിലക്ക് സർക്കാരിന്റെ നിലപാടാണ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞതെന്നും ധനമന്ത്രി ആവർത്തിച്ചു.
അതേ സമയം, എല്ലാ മാസവും അഞ്ചാംതീയതിക്ക് മുമ്പ് ശമ്പളം കിട്ടണമെന്ന നിലപാടില്‍ ഭരണ പ്രതിപക്ഷ യൂണിയനുകള്‍ ഉറച്ച് നില്‍ക്കുകയാണ്. തിങ്കളാഴ്ച ഗതാഗതമന്ത്രി യൂണിയനുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ 6 ന്പണിമുടക്കുമെന്ന് പ്രതിപക്ഷ യൂണിയനുകളും പ്രഖ്യപിച്ചിട്ടുണ്ട്.