കാഞ്ഞങ്ങാട് വാഹനങ്ങൾ കേടുവരുത്തുന്നതുംമോഷ്ടിക്കുന്നതും പതിവാകുന്നു
കാഞ്ഞങ്ങാട്: ട്രെയിൻ യാത്രക്കായി റെയിൽവേ സ്റ്റേഷനിലേക്ക് വാഹനവുമായി എത്തിയാൽ ഉടമകളുടെ നെഞ്ചിടിപ്പേറുകയാണ്. റെയിൽവേ സ്റ്റേഷനിൽ പാർക്കിംഗ് ഏരിയയിലോ പുറത്തോ എവിടെ വാഹനം നിർത്തിയാലും സുരക്ഷിതമല്ലാത്ത സ്ഥിതിയാണ്. ട്രെയിൻ യാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോൾ വാഹനം അതേപടി കിട്ടിയാൽ അവരുടെ ഭാഗ്യമെന്നേ പറയാനാവൂയെന്ന സ്ഥിതിയാണ് കാഞ്ഞങ്ങാട്ട്.
പാർക്കിംഗ് ഏരിയക്ക് പുറത്താണ് വാഹനങ്ങൾ നിർത്തുന്നതെങ്കിൽ ബോഡിയിൽ കോറിയിടുന്നതും കാഞ്ഞങ്ങാട് പതിവ് സംഭവമാവുകയാണ്. റെയിൽവേ സ്റ്റേഷനിൽ വാഹനങ്ങൾക്ക് സംഭവിക്കുന്ന നഷ്ടങ്ങൾ സംബന്ധിച്ച പരാതികൾ ദിവസേന രണ്ടെണ്ണം വീതമെങ്കിലുമുണ്ടാകുമെന്ന് ഹൊസ്ദുർഗ് എസ്.ഐ കെ.പി സതീഷും പറയുന്നു.
വാഹനങ്ങളിൽ ക്ഷതമേൽപ്പിക്കുക മാത്രമല്ല, മോഷണം പോകുന്ന പരാതികളും ഏറുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് കഴിഞ്ഞ ആഴ്ച രണ്ട് ബൈക്കുകൾ മോഷണം പോവുകയുണ്ടായി.
കഴിഞ്ഞ ദിവസം വെള്ളിക്കോത്തെ എൽ.ജി മോഹനന്റെ കാറിന് പുറത്ത് കോറിയിട്ടത് സംബന്ധിച്ച പരാതി പൊലീസിൽ നല്കിയിരുന്നു. പാർക്കിംഗ് ഏരിയക്ക് പുറത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. വാഹനം എടുക്കാൻ പോകുമ്പോഴേക്കും അതിന്റെ രണ്ട് ഭാഗത്തും വരച്ചിരുന്നു. സ്ഥലത്തെ സിസി ടിവി കാമറ പരിശോധിച്ചതിൽ കോറിയിടുന്നത് അവ്യക്തമായെങ്കിലും കാണാനുണ്ട്. മോഹനൻ ഉന്നത റെയിൽവേ അധികൃതർക്ക് പരാതി നൽകാനുള്ള ശ്രമത്തിലാണ്.
ആർക്കുമില്ല ഉത്തരവാദിത്വം
റെയിൽവേ സ്റ്രേഷനിൽ ട്രെയിൻ യാത്രക്കാരുടെ വാഹനങ്ങൾ സൂക്ഷിക്കാനുള്ള കരാർ ഏറ്റെടുത്തവരുണ്ട്. പാർക്കിംഗ് ഏരിയയിൽ നിറുത്തിയിടുന്ന വാഹനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട ഇവർ കൈമലർത്തുന്ന സ്ഥിതിയാണ് കാഞ്ഞങ്ങാട്ട്. ഇവിടെ നിന്നും മോഷണം പോകുന്ന വാഹനങ്ങളെക്കുറിച്ച് ചോദിച്ചാൽ ഇവർ കൈയൊഴിയും. റെയിൽവേ അധികൃതർക്ക് പരാതി നൽകാനാണ് പലപ്പോഴും കിട്ടുന്ന നിർദ്ദേശം.