തൃശൂർ: ചിറ്റിലപ്പിള്ളിയിൽ ഭാര്യാപിതാവിനെ ഓട്ടോയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയും ചിറ്റിലപ്പിള്ളിയിൽ താമസക്കാരനുമായ പനയ്യാർ വീട്ടിൽ രാമു(67)വാണ് കൊല്ലപ്പെട്ടത്. മരുമകൻ അവണൂർ സ്വദേശി പണിക്കപറമ്പിൽ സുനിൽ (36) അറസ്റ്റിലായി. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. പോലീസ് പറയുന്നത് : രാമുവും സുനിലും തമ്മിൽ വഴക്ക് പതിവാണ്. സംഭവദിവസം കുട്ടികളെ കൊണ്ടുപോകുന്നതിനാണ് ചിറ്റിലപ്പിള്ളിയിലെ ഭാര്യവീട്ടിൽ സുനിൽ എത്തിയത്. മദ്യലഹരിയിലായിരുന്ന രാമുവുമായി സുനിൽ വഴക്കായി. തുടർന്ന് വീടിന്റെ ജനൽച്ചില്ലും സുനിലിന്റെ ഓട്ടോയുടെ ചില്ലും തകർത്തു.
സംഭവത്തിനു ശേഷം വീട്ടിൽനിന്ന് ഇറങ്ങിയ രാമുവിനെ ചിറ്റിലപ്പിള്ളി വ്യാസപീoത്തിന് സമീപം വെച്ചാണ് സുനിൽ ഓട്ടോ ഇടിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ തല വൈദ്യുതിത്തൂണിൽ ഇടിച്ചു. പരിക്കേറ്റ രാമുവിനെ സുനിൽ തന്നെയാണ് നാട്ടുകാരുടെ സഹായത്തോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രാത്രി 11.45-ന് രാമു മരിച്ചു.സംഭവത്തിനു ശേഷം ഒളിവിൽ പോയ സുനിലിനെ പേരാമംഗലം സി.ഐ. രാജേഷ് കെ. മേനോന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട് വടൈമധുരെ ചനന്ദപ്പെട്ടി സ്വദേശിയായ രാമു 25 വർഷമായി കേരളത്തിലെത്തിയിട്ട്. ചിറ്റിലപ്പിള്ളിയിൽ നിന്നാണ് വിവാഹം കഴിച്ചിട്ടുള്ളത്. 2018-ൽ പുഴയ്ക്കൽ ഭാഗത്തെ കരിമ്പ് ജ്യൂസ് കട കത്തിച്ച സംഭവത്തിൽ ഇയാൾ രണ്ടു മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം സംസ്കരിച്ചു.