സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാദ്ധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി 10 വരെയുള്ള സമയത്ത് കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. എന്നാൽ ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടില്ല.കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റും മോശം കാലാവസ്ഥയുമായതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വടക്കൻ കർണാടക തീരം മുതൽ മാന്നാർ കടലിടുക്ക് വരെ നിലനിൽക്കുന്ന ന്യൂനമർദ്ദപാത്തിയാണ് മഴയ്ക്ക് കാരണം.