ശ്രീനിവാസനെ ആക്രമിക്കുന്നതിന് മുമ്പ് പ്രതികൾ രണ്ട് പേരെ ലക്ഷ്യമിട്ടിരുന്നു; മൂന്ന് പേർ കൂടി പിടിയിൽ,
പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ മൂന്ന് പേർ കൂടി പിടിയിൽ. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്. ഗൂഢാലോചനയിൽ പങ്കാളികളായവരും കൊലയാളി സംഘത്തിന് വാഹനമെത്തിച്ചവരുമാണ് കസ്റ്റഡിയിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഇപ്പോൾ പിടിയിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൃത്യം നടക്കുമ്പോൾ ഇവരിലൊരാൾ മേലാമുറിയിലെത്തിയിരുന്നു. കേസിൽ ഇതുവരെ പത്ത് പേരെയാണ് പിടികൂടിയത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെ പിടികൂടാനായിട്ടില്ല.
ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുമ്പ് മറ്റു രണ്ടുപേരെക്കൂടി അക്രമികൾ ലക്ഷ്യമിട്ടിരുന്നെന്ന് എ ഡി ജി പി. വിജയ് സാഖറെ അറിയിച്ചു. പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. മുന്നിശ്ചയിച്ചപ്രകാരമുള്ള സാഹചര്യം ഒത്തുവരാത്തതിനാലാണ് മറ്റുള്ളവരെ ഒഴിവാക്കി ശ്രീനിവാസനെ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
കൊലയാളി സംഘത്തിന് സഹായങ്ങൾ ചെയ്തുകൊടുത്ത ശംഖുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), മുഹമ്മദ് റിസ്വാൻ (20), ശംഖുവാരത്തോട് സ്വദേശി റിയാസുദ്ദീൻ (35), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാരപ്പത്ത് തൊടി സഹദ് (22), ശംഖുവാരത്തോട് കുന്നുംപുറം സ്വദേശി അഷ്വാഹ്(23), കാന്നിരപ്പുഴ ഐക്കാപാടം സ്വദേശി സദ്ദാം ഹുസൈൻ(30), കാവിൽപാട് കല്ലംപറമ്പിൽ സ്വദേശി അഷ്റഫ്(29) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഏപ്രിൽ പതിനാറിന് ഉച്ചയ്ക്ക് മേലാമുറി ജംഗ്ഷനിലെ സ്വന്തം കടയിൽവച്ചാണ് ശ്രീനിവാസൻ ആക്രമണത്തിനിരയായത്. ആറുപേരടങ്ങുന്ന കൊലയാളി സംഘം രണ്ടു ബൈക്കിലും ഒരു സ്കൂട്ടറിലുമാണ് എത്തിയത്. വാഹനത്തിന് പിന്നിലിരുന്ന മൂന്നുപേരാണ് കടയ്ക്ക് അകത്തേക്ക് പാഞ്ഞുകയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്.