ആറു മണിക്കൂർ കൊണ്ട് കാസർകോട് എത്താം, ഒരു തരി ഭൂമിപോലും ഏറ്റെടുക്കേണ്ടി വരില്ല: കെ റെയിലിന് ബദലാണ് ടിൽട്ടിംഗ് ട്രെയിൻ
തിരുവനന്തപുരത്ത് നിന്ന് നാലുമണിക്കൂറിൽ കാസർകോട്ടെത്താവുന്ന സെമി-ഹൈസ്പീഡ് റെയിൽ പാത (സിൽവർ ലൈൻ) ഭൂമിയേറ്റെടുക്കലിന് മുൻപുതന്നെ വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. സാമൂഹ്യാഘാത പഠനത്തിനു മുന്നോടിയായുള്ള കല്ലിടീൽ തന്നെ ജനങ്ങൾ തടയുന്നു. 529.45കിലോമീറ്റർ പാതയിൽ 175 കിലോമീറ്ററിലേ കല്ലിടാനായിട്ടുള്ളൂ. കല്ലിട്ടശേഷം സ്വതന്ത്രഏജൻസി നടത്തുന്ന സാമൂഹ്യാഘാത പഠനത്തിലൂടെയേ എത്ര കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്നും എത്രത്തോളം ജനങ്ങളെ ബാധിക്കുമെന്നും പൊളിക്കേണ്ട കെട്ടിടങ്ങൾ എത്രയാണെന്നും കൃത്യമായി അറിയാനാവൂ എന്ന് പദ്ധതി നടത്തിപ്പിനുള്ള കെ-റെയിൽ ആവർത്തിക്കുന്നുണ്ടെങ്കിലും ജനങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ല.1226.45ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 9314 കെട്ടിടങ്ങൾ പൊളിക്കണം. 50,000 ആളുകളെ പദ്ധതി ബാധിക്കും. ഭൂമിയേറ്റെടുക്കലിനും നഷ്ടപരിഹാരത്തിനുമായി 13,265 കോടി രൂപ വേണം. പദ്ധതിചെലവ് 64000കോടി രൂപയാണ്.അതിബൃഹത്തായ കുടിയൊഴിപ്പിക്കൽ, ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിക്കാനിരിക്കെയാണ്, ഇന്ത്യൻ റെയിൽവേയുമായി ബന്ധിപ്പിക്കാനാവാത്ത സ്റ്റാൻഡേർഡ് ഗേജിൽ സിൽവർ ലൈൻ നിർമ്മിക്കുന്നതിനിതിരെ സെമി-ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ സാദ്ധ്യതാ പഠനം നടത്തിയ സിസ്ട്രയുടെ തലവനായിരുന്ന അലോക് കുമാർ വർമ്മ രംഗത്തെത്തിയത്. റെയിൽവേയിലെ റിട്ട. ചീഫ് എൻജിനിയർ കൂടിയാണദ്ദേഹം. സിൽവർ ലൈനിന് ബദലായി വളവുകളിൽ വേഗത്തിലോടുന്ന ടിൽട്ടിംഗ് ട്രെയിൻ സംവിധാനം നടപ്പാക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹത്തിന്റെ ശുപാർശ. നിലവിലെ റെയിൽവേ ലൈനിലൂടെ ഈ ട്രെയിൻ ഓടിക്കാം. ആറുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട് എത്താനാവും. ഭൂമിയേറ്റെടുക്കേണ്ടി വരില്ല. ചെലവ് 25,000കോടിയിൽ കൂടില്ല. നിലവിലെ ലൈൻ ശക്തിപ്പെടുത്തുകയും സിഗ്നലിംഗ് സംവിധാനം നവീകരിക്കുകയും ചെയ്താൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗം ഉറപ്പാക്കാനാവും. ടിൽട്ടിംഗ് ട്രെയിനാണ് കേരളത്തിന് അനുയോജ്യമെന്നാണ് അലോകിന്റെ ശുപാർശ.അതേസമയം, അത്യാധുനിക സൗകര്യങ്ങളുമായി 180കിലോമീറ്റർ വേഗതയിൽ കുതിക്കാനാവുന്ന വന്ദേഭാരത് ട്രെയിനുകൾ കേരളത്തിന് അനുവദിച്ചാലും നിലവിലെ ട്രാക്കുകളിലെ വളവുകളിൽ കുരുങ്ങി ഇതിന്റെ പകുതി വേഗത്തിൽ പോലും ഓടാനാവില്ലെന്നാണ് കെ-റെയിൽ സർക്കാരിനെ അറിയിച്ചിട്ടുള്ളത്. നിലവിലെ റെയിൽപാതയുടെ 36ശതമാനവും വളവുകളിലാണ്. ആകെ 626 വളവുകളുണ്ട്. നഗരമദ്ധ്യത്തിലാണ് വളവുകളിലേറെയും. വേഗം കൂടണമെങ്കിൽ നിലവിലെ ട്രാക്കുകൾ പുതുക്കിപ്പണിയുകയും നിരവധി സ്റ്റേഷനുകൾ മാറ്റിസ്ഥാപിക്കേണ്ടിയും വേണ്ടിവരും. ഇതിന് പത്തു മുതൽ ഇരുപത് വർഷം വരെയെടുക്കാം. 180കിലോമീറ്റർ വരെ വേഗത കൈവരിക്കാനാവുന്ന വന്ദേഭാരത് ട്രെയിനിന്റെ പ്രഖ്യാപിത വേഗത 160കിലോമീറ്ററാണ്. നിലവിൽ എറണാകുളം-ഷൊർണൂർ പാതയിൽ 80കിലോമീറ്ററും ഷൊർണൂർ-മംഗലാപുരം പാതയിൽ 110കിലോമീറ്ററുമാണ് ശരാശരി വേഗം. കേരളത്തിലെ ട്രാക്കുകളിൽ പരമാവധി അനുവദനീയമായ വേഗത 80മുതൽ 110 കിലോമീറ്ററാണ്. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ ഇതേ വേഗതയിലാവും കേരളത്തിലും വന്ദേഭാരത് ട്രെയിനുകളോടുക. ജനശതാബ്ദി, രാജധാനി ട്രെയിനുകളെപ്പോലെ മുൻഗണന നൽകി, മറ്റുചില ട്രെയിനുകൾ പിടിച്ചിട്ട് വന്ദേഭാരത് കടത്തിവിടേണ്ടിവരും.എന്നാൽ വേഗത കുറയ്ക്കാതെ വളവിലും തിരിവിലും ഓടിക്കാനുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രെയിനുകളായ ടിൽട്ടിംഗ് ട്രെയിനുകളോടിച്ചാൽ ഈ പ്രശ്നത്തെ അതിജീവിക്കാനാവുമെന്ന് അലോക് വർമ്മ വ്യക്തമാക്കുന്നു. 1990മുതൽ ഇറ്റലി, സ്വിറ്റ്സർലാന്റ്, യു.കെ, ജർമനി, ചൈന എന്നിവിടങ്ങളിൽ ഇത്തരം ട്രെയിനുകളോടിക്കുന്നുണ്ട്. വളവിൽ വേഗത കുറയ്ക്കേണ്ടാത്തതിനാൽ ടിൽട്ടിംഗ് ട്രെയിനുകൾക്ക് 30ശതമാനം സമയലാഭമുണ്ടാവും. ടിൽട്ടിംഗ് ട്രെയിനുകളുടെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് സ്വിറ്റ്സർലന്റുമായി ഇന്ത്യ കരാറൊപ്പിട്ടിട്ടുണ്ട്. പിന്നിൽ ചില താൽപര്യങ്ങളുണ്ട്. കേരളത്തിലെ റെയിൽവേ യാത്രക്കാരിൽ കൂടുതലും സംസ്ഥാനത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവരാണ്. ചരക്ക് നീക്കവും അങ്ങനെതന്നെയാണ്. എന്നിട്ടും നിലവിലെ റെയിൽവേ സംവിധാനവുമായി ബന്ധിപ്പിക്കാനാകാത്ത വിധത്തിൽ സിൽവർലൈൻ പദ്ധതി കൊണ്ടുവരുന്നതിനെയാണ് അലോക് ചോദ്യം ചെയ്യുന്നത്.ബ്രോഡ്ഗേജിൽ ഓടില്ലേ