ബസ് യാത്രക്കിടയിൽ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി ഷീബ
കൊച്ചി: ബസ് യാത്രക്കിടെ കുഴഞ്ഞുവീണ യുവാവിന് രക്ഷകയായി എത്തിയത് അതേ ബസിലെ യാത്രക്കാരിയായ ഷീബ അനീഷ്. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ഷീബ. ആശുപത്രിയിൽ നിന്ന് ജോലി കഴിഞ്ഞ് എറണാകുളം ഭാഗത്തേക്കുള്ള കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
ബസിലുണ്ടായിരുന്ന യുവാവ് കുഴഞ്ഞുവീണു. ഉടനെ അവസരോചിത്രമായി ഇടപെട്ട ഷീബ യുവാവിനെ ഫുട്ബോർഡിന്റെ സമീപത്തുനിന്ന് നിന്ന് നീക്കി കിടത്തി. പൾസ് നോക്കി. പൾസ് കിട്ടുന്നില്ലെന്ന് കണ്ടതോടെ സിപിആർ നൽകി. രണ്ട് തവണ സിപിആർ നൽകിയപ്പോഴേക്കും യുവാവിന് അപസ്മാരം ഉണ്ടായി.
പിന്നീട് ചെരിച്ച് കിടത്തി സിപിആർ നൽകി. പിന്നാലെ ബോധം വന്ന യുവാവിനെ ബസ്സിൽ നിന്ന് ഇറക്കി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീബ ഉടനെ എത്തി സിപിആർ നൽകിയത് യുവാവിന്റെ ജീവൻ നിലനിർത്താൻ സഹായകമാകുകയായിരുന്നു.