കെ ലൈൻ പദ്ധതി:കീഴൂരിൽ പ്രതിഷേധ സംഗമം ഞായറാഴ്ച്ച
പാലക്കുന്ന് : നിർദിഷ്ട സിൽവർ ലൈൻ പദ്ധതി കീഴൂർ ക്ഷേത്രത്തിന്റെ പൗരാണിക പാരമ്പര്യ
ത്തിന് ക്ഷതമേൽപ്പിക്കും വിധം കടന്നു പോകുന്നതിൽ ചന്ദ്രഗിരി ശാസ്താ-തൃക്കണ്ണട് ത്രയംബകേശ്വര ക്ഷേത്ര ദേവസ്വം ട്രസ്റ്റി ബോർഡ് യോഗം പ്രതിഷേധിച്ചു. കെ.ലൈൻ കടന്നു പോകുമ്പോൾ,ആചാരപരമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രക്കുളവും, അരയാൽ തറയും
ഇല്ലാതാകും. ഏതാണ്ട് 500 വർഷം പഴക്കമുള്ള അരയാൽ വൃക്ഷവും നിർദിഷ്ട പാതയോട് ചേർന്നാനുള്ളത്. കുളം ഇല്ലാതായാൽ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് വിഘ്നം വരും. അരയാൽ വൃക്ഷത്തിന്റെ ചുവട്ടിലാണ് മഹാഗണപതി ക്ഷേത്രം നിലകൊള്ളുന്നത്.
ഡിപിആറിൽ 25 മീറ്റർ വരെ പദ്ധതിക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുമെന്നാണറിയുന്നത്. ഇരുവശങ്ങളിലും 10 മീറ്റർ വീതം ബഫർസോണായി പരിഗണിക്കുമത്രേ.
ദേശാധിപത്യം വാണരുളുന്ന മഹാക്ഷേത്രമാണിത്.
ക്ഷേത്രവുമായി അഭേദ്യബന്ധമുള്ള കീഴൂർ കളരിയമ്പലത്തിന്റെ സിംഹഭാഗവും നിരവധി തറവാട് ഭവനങ്ങളും കെ ലൈൻ പദ്ധതിയുടെ അലൈൻമെന്റിൽ ഉൾപ്പെടുന്നുണ്ട്. അലൈൻമെന്റിൽ അനിവാര്യമാറ്റങ്ങൾ ഉണ്ടാക്കി പൗരാണിക പാരമ്പര്യമുള്ള കീഴൂർ ശാസ്താ ക്ഷേത്രത്തെ സംരക്ഷിക്കാൻ അധികൃതരിൽ സമ്മർദം ചെലുത്താനുള്ള പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ തന്ത്രീശ്വരന്മാരുടെ സാന്നിധ്യത്തിൽ നാട്ടുകാർ, ജനപ്രതിനിധികൾ, കഴക ക്ഷേത്രങ്ങൾ, ഹൈന്ദവ സംഘടനകൾ, മുഴുവൻ ഭക്തജനങ്ങൾ, മാതൃസമിതികൾ, ഭജന സമിതികൾ ഉത്സവാഘോഷ കമ്മിറ്റികൾ, തറവാട് വീട്ടുകാർ തുടങ്ങിയവർ പങ്കെടുക്കുന്ന മഹായോഗം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കീഴൂർ ക്ഷേത്രം ആഗ്രശാലയിൽ ചേരാനും ട്രസ്റ്റി ബോർഡ് യോഗം തീരുമാനിച്ചു.
ചെയർമാൻ വള്ളിയോടൻ ബാലകൃഷ്ണൻ നായർ അധ്യക്ഷനായി. ഇടയില്യം ശ്രീവത്സൻ നമ്പ്യാർ, മേലത്ത് സത്യനാഥൻ നമ്പ്യാർ, സുധാകരൻ കുതിർമൽ , അജിത് സി. കളനാട് എന്നിവർ സംസാരിച്ചു.