ഹാർദിക് പട്ടേലും ബി ജെ പിയിലേക്കെന്ന് സൂചന, വരാനിരിക്കുന്നത് കോൺഗ്രസിന്റെ സമ്പൂർണ നാശമോ?
അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിന്റെ ചുറുപ്പുചീട്ടായ ഹാർദിക് പട്ടേൽ പാർട്ടി വിട്ട് ബി ജെ പിയിൽ ചേക്കേറിയേക്കുമെന്ന് അഭ്യൂഹം. നിലവിൽ കോൺഗ്രസ് ഗുജറാത്ത് ഘടകം വർക്കിംഗ് പ്രസിഡന്റാണ് ഹാർദിക്. കഴിഞ്ഞദിവസം പുറത്തുവന്ന അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് അഭ്യൂഹത്തിന് വഴിതുറന്നത്. കൂടുതൽ സാദ്ധ്യതകൾ എപ്പോഴും നിലവിൽ ഉണ്ടെന്നായിരുന്നു അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്. ഭാവി നോക്കേണ്ടതുണ്ട്. എന്നെ കോൺഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നു. ഹൈക്കമാന്റിനോട് പരാതിയില്ല. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത് എന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഇതിനാെപ്പം പ്രധാമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുകയും ചെയ്തു. ഇതാേടെ അഭ്യൂഹം ശക്തമാവുകയായിരുന്നു.നേരത്തേ, കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ഹാർദിക് പരാതി ഉന്നയിച്ചിരുന്നു. വർക്കിംഗ് പ്രസിഡന്റായി തുടരുമ്പോഴും പാർട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. പട്ടേൽ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ പ്രശാന്ത് കിഷോർ ശക്തമായ ചില അണിയറ നീക്കങ്ങൾ നടത്തിയിരുന്നു. ഇത് വ്യക്തമായതോടെയാണ് ഹാർദിക് പാർട്ടിയുമായി അകന്നുതുടങ്ങിയത് എന്നാണ് റിപ്പോർട്ട്. എന്നാല്‍ , കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃത്വങ്ങളോ ഹാര്‍ദികിന്റെ ഓഫീസോ ഇതുവരെ അഭ്യൂഹങ്ങളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹാർദിക് പാർട്ടി വിടുകയാണെങ്കിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലാവും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തൊട്ടാകെ നിരവധി പ്രമുഖ നേതാക്കളാണ് അടുത്തിടെ പാർട്ടിവിട്ട് ബി ജെ പിയിൽ ചേക്കേറിയത്. അതിനാൽ പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ നില പരമ ദയനീയമാണ്.ഗുജറാത്തിലെ പ്രബലരായ പട്ടേൽ വിഭാഗത്തിൽ ഏറെ സ്വാദീനമുളള നേതാവാണ് ഹാർദിക് പട്ടേൽ. പട്ടേല്‍ വിഭാഗത്തിന്റെ സംവരണ സമരം നയിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബി.ജെ.പിയെ അദ്ദേഹം വിറപ്പിച്ചിരുന്നു. ഹാർദിക് തങ്ങളുടെ പാളയത്തിൽ എത്തിയാൽ ബി ജെ പിക്ക് അത് വലിയൊരു നേട്ടമാകും.