അക്ഷരങ്ങളിലൊളിപ്പിച്ച നിഗൂഢതകൾ തേടി അന്താക്ഷരി, റിവ്യൂ
ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ത്രില്ലറെന്ന നിലയിൽ റിലീസിന് മുൻപേ ശ്രദ്ധ നേടിയ ചിത്രമാണ് അന്താക്ഷരി. പൊലീസുകാരനായ നായകകഥാപാത്രമായി സെെജു കുറുപ്പ് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു ത്രില്ലർ സിനിമയ്ക്ക് സാധാരണ കണ്ടുവരാത്ത തരത്തിലുള്ള ‘അന്താക്ഷരി’ എന്ന ടെെറ്റിലും ചിത്രത്തിനായി കാത്തിരിക്കാനുള്ള ഒരു പ്രധാന ഘടകമായിരുന്നു. സോണി ലിവിലൂടെയാണ് ചിത്രം റിലീസിനെത്തിയത്.
2016 ൽ ഗോകുൽ സുരേഷ് നായകനായെത്തിയ മുദ്ദുഗൗവിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അന്താക്ഷരി. ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ പ്രേക്ഷകന്റെയുള്ളിൽ ഭയം നിറയ്ക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒരു ത്രില്ലറിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഈ തുടക്കം ചെറിയ ഏറ്റക്കുറച്ചിലുകളിലൂടെ അവസാനം വരെ കൊണ്ടുപോകുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. തൊട്ടടുത്ത നിമിഷം എന്തോ സംഭവിക്കും എന്ന പ്രതീതി നിലനിർത്താനും സംവിധായകനായി.
പെൺകുട്ടികളെ ഉപദ്രവിക്കുന്ന ഒരു സൈക്കോ, സെെജു കുറുപ്പ് അവതരിപ്പിച്ച സർക്കിൾ ഇൻസ്പെക്ടറായ ദാസിന്റെ മകളെ കൊല്ലാൻ ശ്രമിക്കുന്നതിൽ നിന്നാണ് കഥ പുരോഗമിക്കുന്നത്. അന്താക്ഷരി ഇഷ്ടപ്പെടുന്ന, കുറ്റവാളികളെക്കൊണ്ട് പാട്ടുപാടിപ്പിക്കുന്ന ദാസ് ഇയാളെ തേടി പോകുന്നതോടെ കുരുക്കുകൾ മുറുകുകയാണ്. തന്നോട് പക തീർക്കാൻ വരുന്ന ഏതോ ഒരാളെ തേടിപ്പോകുന്ന പൊലീസുകാരൻ ചെന്നെത്തുന്നത് ഒരു സീരിയൽ കില്ലറുടെ അടുത്തേയ്ക്കാണ്. 35 കൊല്ലത്തിനിടയിലെ 11 കൊലപാതകങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് പിന്നീട് ചിത്രം. ഇയാൾ നടത്തുന്ന കൊലകൾ തമ്മിലുള്ള ബന്ധം പറഞ്ഞുവയ്ക്കുന്നതിലും സംവിധായകൻ വ്യത്യസ്തത പരീക്ഷിച്ചിട്ടുണ്ട്.
രണ്ട് കാലഘട്ടത്തിൽ നടക്കുന്ന കഥയിലൂടെയാണ് ചിത്രം സഞ്ചരിയ്ക്കുന്നത്. ഫ്ലാഷ് ബാക്കിൽ കൃത്യമായ രാഷ്ട്രീയം പറഞ്ഞുവയ്ക്കാനും സംവിധായകനായി. സാധാരണ ത്രില്ലർ ചിത്രത്തിൽ നിന്നുമാറി അധികം പരീക്ഷിയ്ക്കാത്ത പ്രമേയമാണ് അന്താക്ഷരി കെെകാര്യം ചെയ്തിരിയ്ക്കുന്നത്. ദാസ്, ചിത്ര, കിഷോർ, ജയചന്ദ്രൻ തുടങ്ങി പ്രശസ്ത ഗായകരുടെ പേരുകൾ കഥാപാത്രങ്ങൾക്ക് നൽകിയിരിയ്ക്കുന്നതിലൂടെയും ചിത്രം വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട്.
കഥ മികച്ചതായിരുന്നുവെങ്കിലും പലയിടത്തും തിരക്കഥ പാളിപ്പോയത് വളരെ മികച്ച ത്രില്ലർ എന്ന അഭിപ്രായം നേടുന്നതിൽ നിന്ന് ചിത്രത്തെ പിന്നോട്ടടിച്ചു. ആദ്യ പകുതിൽ കഥ പുരോഗമിക്കുമ്പോൾ ചിലയിടങ്ങളിൽ ചിത്രത്തിന്റെ ഒഴുക്ക് നഷ്ടമാകുന്നുവെങ്കിലും രണ്ടാം പകുതി ചടുലമായാണ് മുന്നോട്ട് പോകുന്നത്. തുടക്കത്തിലുണ്ടായിരുന്നത് പോലെ ഭീതി ജനിപ്പിക്കുന്ന മുഹൂർത്തങ്ങൾ ക്ലെെമാക്സിലും കൊണ്ട് വന്നത് പ്രേക്ഷകനെ പിടിച്ചിരുത്താൻ സഹായിച്ചു.
ഗംഭീരമായ പശ്ചാത്തലസംഗീതമാണ് ചിത്രത്തിന്റെ ആത്മാവ്. പലയിടത്തും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിലും ഭയപ്പെടുത്തുന്നതിലും പശ്ചാത്തലസംഗീതത്തിന് വലിയൊരു പങ്കുതന്നെ ഉണ്ടായിരുന്നു. ഛായാഗ്രഹണം ശരാശരി നിലവാരമാണ് പുലർത്തിയത്. ടെക്നിക്കലി കുറച്ചുകൂടി നന്നാകാമായിരുന്നു എന്ന തോന്നൽ ചിത്രത്തിലുടനീളം മുഴച്ചുനിൽക്കുന്നുണ്ട്. കഥയിലെ ലൂപ്പ് ഹോൾസും ചില ലോജിക്കൽ പ്രശ്നങ്ങളും ചിത്രത്തിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കാം.
ചില കഥാപാത്രങ്ങളുടെ പ്രകടനം ശരാശരിയിൽ ഒതുങ്ങിയെങ്കിലും ചിലർ ശരിയ്ക്കും ഞെട്ടിയ്ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ച കോട്ടയം രമേഷ് എന്ന നടൻ മലയാള സിനിമയിൽ തന്റെതായ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഫ്ലാഷ് ബാക്കിൽ എത്തുന്ന കിഷോർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിയും അസാദ്യ പ്രകടനം പുറത്തെടുത്തു.
നായകനായെത്തിയ സെെജു കുറുപ്പ് കഥാപാത്രത്തിനനുയോജ്യമായ തരത്തിൽ ഭദ്രമായി തന്റെ റോൾ കെെകാര്യം ചെയ്തിട്ടുണ്ട്. സെെജുവിന് സമീപ ഭാവിയിൽ ലഭിച്ച മികച്ച കഥാപാത്രം തന്നെയായിരുന്നു ദാസ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഭാര്യയായി എത്തുന്ന പ്രിയങ്ക നായരും തന്റെ റോൾ ഏച്ചുകെട്ടലില്ലാതെ പൂർത്തിയാക്കി. ഹാസ്യ താരമായി ശ്രദ്ധ നേടിയിട്ടുള്ള സുധി കോപ്പ പക്വതയാർന്ന കഥാപാത്രത്തെ തന്മയത്തത്തോടെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിയ്ക്കുന്നത്.
വിജയ് ബാബു, ശബരീഷ് , ബിനു പപ്പു, ബോബൻ സാമുവൽ , ശ്രുതി സുരേഷ്, അനന്ദൻ എന്നീ താരങ്ങളും തങ്ങളുടെ കഥാപാത്രം ഭംഗിയാക്കി. സുൽത്താൻ ബ്രദേഴ്സ് എന്റർടൈൻമെന്റിന്റ ബാനറിൽ അൽ ജസാം അബ്ദുൽ ജബ്ബാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബബ്ലു അജുവാണ് ഛായാഗ്രഹണം. അങ്കിത്ത് മേനോൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ജോൺകുട്ടിയാണ്.
രണ്ട് മണിക്കൂർ ദെെർഘ്യമുള്ള ചിത്രം നല്ല ശബ്ദ സൗകര്യത്തോടെ തന്നെ കാണേണ്ട ഒന്നാണ്. അമിത പ്രതീക്ഷയില്ലാതെ സമീപിച്ചാൽ മികച്ചൊരു ആസ്വാദനാനുഭവം നൽകുന്ന കൊച്ചു ത്രില്ലർ തന്നെയാണ് അന്താക്ഷരി.