പാലക്കാട് ശ്രീനിവാസൻ വധക്കേസ്; ആക്രമണത്തിനുപയോഗിച്ച രണ്ട് വാഹനങ്ങളും കണ്ടെത്തി
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേർകൂടി പിടിയിലായി. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് വിവരം. ആക്രമണത്തിന് പ്രതികൾ ഉപയോഗിച്ച ഒരു സ്കൂട്ടറും ആയുധങ്ങൾ കൊണ്ടുവരാൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെത്തിയെന്നാണ് സൂചനകൾ. പിടിയിലായ രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.
കൊലപാതകത്തിൽ കൃത്യം നടത്തിയവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത നാല് എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൊലയാളികളെ ശ്രീനിവാസന്റെ നീക്കം മനസിലാക്കി വിളിച്ചുവരുത്തിയവരാണ് ഇവർ.
പാലക്കാട് കൽപ്പാത്തി ശംഖുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാൽ (22), മുഹമ്മദ് റിസ്വാൻ (20), ശംഖുവാരത്തോട് സ്വദേശി റിയാസുദ്ദീൻ (35), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പാരപ്പത്ത് തൊടി സഹദ് (22) എന്നിവരെയാണ് ടൗൺ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്. അതേസമയം കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരെയാരെയും ഇതുവരെ പിടികൂടാനായിട്ടില്ല. 16 പ്രതികളാണ് കേസിലുള്ളത്.
കൊലയാളികളുടെ മൊബൈലും മറ്റും അവരുടെ വീടുകളിൽ എത്തിച്ചുനൽകിയത് മുഹമ്മദ് റിസ്വാനാണ്. സഹദ് ഗൂഢാലോചനയിൽ പങ്കെടുത്തു. ബിലാലും റിയാസുദ്ദീനും കൊലയാളിസംഘം എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മേലാമുറിയിൽ അവരെ സഹായിക്കാനായി നിന്നവരാണ്. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കാൻ ഇരുവരും നഗരത്തിലൂടെ പലതവണ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അച്ഛന്റെ ചികിത്സയുടെ ഭാഗമായി അടുത്തിടെയായി 11 മണി കഴിഞ്ഞാണ് ശ്രീനിവാസൻ കടതുറക്കുന്നത്. ശ്രീനിവാസൻ എത്തിയപ്പോൾ കൊലയാളി സംഘത്തെ ഇവർ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരാണ്. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും കൂടുതൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.