ഓവർടേക്കുചെയ്യുന്നത് ഏത് വാഹനമായാലും ഷംസീർ കല്ലെറിഞ്ഞ് ചില്ല് തകർത്തിരിക്കും, പിടിയിലായത് ബൈക്കിന്റെ മുൻസീറ്റ് കവറിൽ നിറയെ കല്ലുമായി
കണ്ണൂർ:ബൈക്കിന്റെ മുൻസീറ്റ് കവറിൽ നിറയെ കല്ലുകൾ കരുതി തന്നെ മറികടന്ന് പോകുന്ന വാഹനങ്ങളുടെ ചില്ല് എറിഞ്ഞു തകർക്കുന്നയാളെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ തന്ത്രപരമായി പിടികൂടി. ചാല ഈസ്റ്റ് കോയ്യോട് പൊതുവാച്ചേരി റോഡിലെ മെഹർ ടെക് സ്റ്റൈയിലിന് സമീപം താമസിക്കുന്ന വാഴയിൽ വീട്ടിൽ സി.എച്ച് ഷംസീറാണ് (47) അറസ്റ്റിലായത്.
രണ്ട് ആംബുലൻസ് ഉൾപ്പെടെ ഏഴു വാഹനങ്ങളാണ് ഇയാൾ കല്ലെറിഞ്ഞു തകർത്തത്. അഞ്ചു കാറുകൾക്കു നേരെയും കല്ലേറുണ്ടായി.അന്വേഷണസംഘത്തിൽ എ.എസ്.ഐമാരായ അജയൻ, രഞ്ചിത്ത്, നാസർ എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഫോക്സ് വാഗൺ പോളോ തകർത്തതിൽ കുടുങ്ങി
കഴിഞ്ഞ ദിവസം കണ്ണൂർ താണ സ്വദേശി തസ്ലീമിന്റെ ഫോക്സ് വാഗൺ പോളോ കാറിന്റെ ചില്ലുകൾ തകർത്തതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. നേരത്തെ കിഴുത്തള്ളി ബൈപാസിൽ വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായിരുന്നുവെങ്കിലും ആരും പരാതി നൽകാൻ തയ്യാറായിരുന്നില്ല. ഒടുവിൽ പൊലീസ് സി.സി.സി.ടി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഷംസീറിന്റെ ബൈക്ക് നമ്പർ വ്യക്തമായത്. ഓവർ ടേക്കു ചെയ്യുന്ന വേഗമേറിയ വാഹനങ്ങൾ കണ്ടാൽ താൻ കല്ലെറിയാറുണ്ടെന്ന് ഷംസീർ പൊലീസിന് മൊഴി നൽകി. ഇതിനായി ബൈക്കിന്റെ മുൻവശത്തെ സീറ്റ് കവറിലാണ് കല്ലുകൾ സൂക്ഷിക്കുന്നത്.