കാസർകോട്: പഠിച്ച വിദ്യാലയത്തിലെ രൂക്ഷമായ കുടിവെള്ള പ്രശ്നം ശാശ്വതമായി പരിഹരിച്ച് മാതൃകയായി കേന്ദ്രീയ വിദ്യാലയം വിദ്യാര്‍ഥികള്‍. വിദ്യാനഗര്‍ കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളാണ് വര്‍ഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാക്കി പടിയിറങ്ങുന്നത്. സഹപാഠികളില്‍ നിന്ന് ശേഖരിച്ച 16600 രൂപ ഉപയോഗിച്ചാണ് വിദ്യാലയങ്ങള്‍ക്ക് മാതൃകയായ ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. തങ്ങളുടെ പഠന ഗവേഷണ പ്രൊജക്ടിന്റെ ഭാഗമായി ഇരുന്നൂറോളം വീടുകളില്‍ വിവരശേഖരണം നടത്തിയ കുട്ടികള്‍ സമീപത്തെ വീടുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാനുള്ള ബൃഹത് പദ്ധതികള്‍ക്കും രൂപം നല്കി. ഇ.വി. ആദിത്യ ദേവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.’സമഗ്ര ശിക്ഷാ ജലസുരക്ഷാ ‘ ക്യാമ്പെയിനിന്റെ ഭാഗമായി ജലസംരക്ഷണത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താനും തീരുമാനിച്ചു.ജില്ലാ ഹരിതകേരളം മിഷന് കോര്‍ഡിനേറ്റര്‍ എം.പി. സുബ്രഹ്മണ്യന് കിണര്‍ റിചാര്‍ജിങ് യൂണിറ്റ് വിദ്യാലയത്തിന് സമര്‍പ്പിച്ചു. പ്രിന്‍സിപ്പാള്‍ കെ.പി തങ്കപ്പന് അധ്യക്ഷനായി. ഇക്കോ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ ടി.ഗോപാലന് , പി.ടി.എ. അംഗം ബി. സുഭാഷ്, ഹനാന് ഹാരിസ് എന്നിവര്‍ സംസാരിച്ചു.