എന്റെ ആഡംബര വീട് ബോംബ് വച്ച് തകർക്കൂ; യുക്രെയിൻ സൈന്യത്തോട് ആവശ്യമറിയിച്ച് കോടീശ്വരൻ
ലണ്ടൻ: യുക്രെയിൻ സൈന്യത്തോട് തന്റെ പുതിയ ആഡംബര ഗൃഹം ബോംബ് വച്ച് തകർക്കാൻ ആവശ്യപ്പെട്ട് കോടീശ്വരനായ ആൻഡ്രേ സ്റ്റാവിൻസർ. അടുത്തിടെ പണികഴിപ്പിച്ച വീട്ടിൽ റഷ്യൻ സൈന്യം തമ്പടിച്ചതോടെയാണ് വികാരാധീനനായി അദ്ദേഹം ഇക്കാര്യം പറഞ്ഞത്.കീവിലേയ്ക്ക് റോക്കറ്റ് വിക്ഷേപണം നടത്താനുള്ള താവളമായിട്ടാണ് റഷ്യൻ സൈന്യം സ്റ്റാവിൻസറുടെ വീടിനെ ഉപയോഗിക്കുന്നത്. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന വെബ്ക്യാമിലൂടെ റഷ്യൻ പട്ടാളക്കാർ തന്റെ ഭൂമിയിൽ സ്ഥാനംപിടിക്കുന്നതും സൈനിക ഉപകരണങ്ങൾ കൊണ്ടുവരുന്നതും സ്റ്റാവിൻസർ അറിഞ്ഞത്. ഇതോടെയാണ് യുക്രെയിൻ സൈന്യത്തോട് വീട്ടിൽ ബോംബ് വയ്ക്കാൻ അദ്ദേഹം ആവശ്യപ്പെട്ടത്. ട്രാൻസ് ഇൻവെസ്റ്റ് സർവീസിന്റെ സിഇഒയാണ് സ്റ്റാവിൻസർ. ഗുഡ് മോർണിംഗ് ബ്രിട്ടൻ എന്ന ഷോയിലൂടെയാണ് ഇക്കാര്യം സ്റ്റാവിൻസർ പരസ്യപ്പെടുത്തിയത്.യുദ്ധത്തിനിടെ സ്റ്റാവിൻസർ പോളണ്ടിലേയ്ക്ക് പാലായനം ചെയ്തെങ്കിലും തന്റെ സെക്യൂരിറ്റി ജീവിനക്കാർ വീട്ടിലുണ്ടായിരുന്നെന്നും അവരെ ബന്ധികളാക്കി വസ്ത്രം അഴിച്ചുമാറ്റി ഫോണുകൾ തട്ടിയെടുത്ത ശേഷം ചോദ്യം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെബ്ക്യാമിലൂടെ നിരീക്ഷിച്ച കാര്യങ്ങലെല്ലാം സൈന്യത്തെ അറിയിച്ചുവെന്നും യുക്രെയിനെ വിജയിപ്പിക്കാനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും സ്റ്റാവിൻസർ പറഞ്ഞു.