പ്രാണി തൊണ്ടയിൽ കുടുങ്ങിയെന്ന് സംശയം; യുവതി തൽക്ഷണം മരിച്ചു
നീലേശ്വരം:നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയിൽകുടുങ്ങിയെന്ന് സംശയം, യുവതി തൽക്ഷണം മരിച്ചു. നീലേശ്വരം ചിറപ്പുറത്തെ മര വ്യാപാരി നൗശാദിൻ്റെ ഭാര്യ സമീറ (35) യാണ് മരിച്ചത്.
വ്യാഴാഴ്ച പുലർചെയാണ് സംഭവം. നോമ്പെടുക്കുന്നതിനായി അത്താഴം കഴിക്കാൻ സമീറ ഉറക്കമുണർന്നിരുന്നു. ഇതിനിടയിൽ ശ്വാസതടസം അനുഭവപ്പെട്ട് സമീറ അസ്വസ്ഥത പ്രകടിപ്പിച്ചു. പരിശോധനയിൽ തൊണ്ടയിൽ പ്രാണി കുടുങ്ങിയതായി ബോധ്യപ്പെട്ടുവെന്നാണ് വീട്ടുകാർ പറയുന്നത്. ഉടൻ നീലേശ്വരത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും ആറേകാൽ മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ചിറപ്പുറത്തെ മാഹിൻ – മറിയം ദമ്പതികളുടെ മകളാണ്. മക്കൾ: മുഹമ്മദ് ഹസൻ, ശഹാന മർവാ.
യുവതിയുടെ ആകസ്മിക മരണം വീട്ടുകാരെയും നാട്ടുകാരെയും ഒരു പോലെ കണ്ണീരിലാഴ്ത്തി.
അതേസമയം മരണകാരണം വ്യക്തമാകാനായി മൃതദേഹം പോസ്റ്റ് മോർടെത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി നീലേശ്വരം പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.