കാസർകോട്: വടംവലിയും ഫുട്ബോളും വോളിബോളും കബഡിയും കലാ സാംസ്കാരിക പരിപാടികളുമൊക്കെയായി ഇനിയുള്ള രണ്ട് രാവുകള്‍ പള്ളിക്കരയിലെ പൂഴിമണ്ണില് ആവേശത്തിരയിളകും. തീരപ്രദേശങ്ങളിലെ കായിക വികസനത്തിനും പ്രചാരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍, കായിക യുവജന കാര്യ ക്ഷേമ വകുപ്പ്,ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ജില്ലാ ബീച്ച് ഗെയിംസ് ഡിസംബര്‍ 24, 25 തീയതികളിൽ പള്ളിക്കര ബേക്കല്‍ ബീച്ചില്‍ നടക്കും. ഡിസംബര്‍ 24 ന് വൈകുന്നേരം നാലിന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്ും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ പി.ഹബീബ് റഹ്മാന് ഗെയിംസിന് തുടക്കം കുറിച്ച് പതാക ഉയര്‍ത്തും. തുടര്‍ന്ന് പുരുഷ- വനിതാ ഫുട്ബോള്‍ മത്സരങ്ങളും വടംവലി പ്രാഥമിക റൗണ്ട് മത്സരങ്ങളും നടക്കും. വൈകുന്നേരം അഞ്ചിന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. ഉദുമ എം എല്‍ എ കെ.കുഞ്ഞിരാമന് അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, ജില്ലാ കളക്ടര്‍ ഡോ ഡി.സജിത്ത് ബാബു എന്നിവര്‍ മുഖ്യാതിഥികളാകും. തുടര്‍ന്ന് സ്കൂള്‍-കേരളോത്സവ വിജയികളായ ടീമുകള്‍ അവതരിപ്പിക്കുന്ന തിരുവാതിര, ഒപ്പന, മാര്‍ഗ്ഗംകളി, വനിതാ പൂരക്കളി എന്നിവയോടുകൂടിയ കലാസാംസ്കാരിക സായാഹ്നം നടക്കും.
ജില്ലാ ബീച്ച് ഗെയിംസിന്റെ രണ്ടാം ദിനമായ ഡിസംബര്‍ 25 ന് വൈകുന്നേരം നാല് മുതല്‍ പുരുഷ-വനിതാ കബഡി, വോളീബോള്‍, മത്സ്യ തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഫുട്ബോള്‍, കമ്പവലി മത്സരങ്ങള്‍ നടക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഇ. പി. ജയരാജന് ഉദ്ഘാടനം ചെയ്യും. എ.ഡി.എം.എന്‍. ദേവിദാസ് അധ്യക്ഷനാകും. തുടര്‍ന്ന്് പയ്യന്നൂര്‍ എസ് എസ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ബീച്ച് മ്യൂസിക് നൈറ്റും നടക്കും.
ജില്ലാ ബീച്ച് ഗെയിംസിന്റെ വേദിയില്‍ സന്ദര്‍ശകര്‍ക്കായി ഹോമിയോ ,ഫിഷറീസ് ,വ്യവസായ വകുപ്പുകളുടെ ആകര്‍ഷകമായ പവലിയനുകളും ഒരുക്കിയിട്ടുണ്ട്.
ബീച്ച് ഗെയിംസ് : വിളമ്പര യാത്ര നടത്തി
ബീച്ച് ഗെയിംസിന്റെ പ്രചരാണാര്‍ഥം വിളമ്പര യാത്ര നടത്തി. കുറ്റിക്കോല്‍ സ്ത്രീ ശക്തി വനിത വാദ്യകല ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ കാസര്‍കോട് കളക്ടറേറ്റ് പരിസരത്ത് നിന്നാരംഭിച്ച വിളമ്പര യാത്ര ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത്ത് ബാബു ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്, എ.ഡി.എം.എന്‍ ദേവീദാസ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ നാരാജണന് പള്ളം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഡോ.ഇ. നസീമുദ്ദീന്, ഗ്രൗണ്ട് കമ്മിറ്റി ചെയര്മാന് സുരേഷ് കുതിരക്കോട്, പബ്ലിസിറ്റി കണ്‍വീനര്‍ ടി.വി. മുരളീധരന്, ഡി.എം.സി.ടി.ടി. സുരേന്ദ്രന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് പുതിയ ബസ്റ്റാന്റ്, പഴയ ബസ്റ്റാന്റ്, ബേക്കല്‍-പള്ളിക്കര ജനവാസ മേഖലകള്‍, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് വിളമ്പര യാത്ര കടന്നു പോയത്.
ബീച്ച് ഗെയിംസും ബേക്കല്‍ ഫെസ്റ്റും ജില്ലയിലെ
ടൂറിസത്തിന് ഉണവേര്കും-കളക്ടര്‍
ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ജില്ലയിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉതകുന്ന രീതിയിലാണ് ബീച്ച് ഗെയിമും ബേക്കല്‍ കാര്‍ഷിക ഫല പുഷ്പ മേളയും ഒരുക്കിയിരിക്കുന്നതെന്നും ഇത് ജില്ലയിലെ ടൂറിസത്തിന് പുത്തനുണര്‍വേകുമെന്നും ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു. വലയ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ജില്ലയിലെത്തുന്ന തദ്ദേശീയരും വിദേശികളുമായവരെ ബേക്കലിലെത്തിക്കാനും ജില്ലയിലെ ടൂറിസം സാധ്യതകളെ പരമാവധി ഉപയോഗിക്കാനും ബിച്ച് ഗെയിംസിനും ബേക്കല്‍ ഫെസ്റ്റിനും സാധിക്കും. കാസര്‍കോട് ജില്ലയില്‍ ബീച്ച് ഗെയിംസ് മേഖല മത്സരങ്ങളില്‍ ഉണ്ടായ ജനപങ്കാളിത്തം ബേക്കല്‍ ഫെസ്റ്റിലും ഗെയിംസിലും ഉണ്ടാകണമെന്നും ജില്ലയുടെ ജനകീയ പങ്കാളിത്തം പ്രകടമാകണമെന്നും കളക്ടര്‍ പറഞ്ഞു. പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഒപ്പരം 2020’ ഇത്തവണയും നടത്തുമെന്നും കളക്ടര്‍ അറിയിച്ചു.
ജില്ലയുടെ കായിക പ്രതീക്ഷകളെ ഉണര്‍ത്തുന്ന 400 മീറ്റര്‍ ട്രാക്ക് പുതെയ സ്റ്റേഡിയം കോളിയടുക്കത്ത് നിര്‍മ്മിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.നിലവില്‍ കോളിയടുക്കത്തുള്ള സ്റ്റേഡിയം പഞ്ചായത്തിന്റെയും ജില്ല ഭരണകൂടത്തിന്റെയും സ്പോര്‍ട്ട് സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ 13 കോടി രൂപ മുതല്‍ മുടക്കില്‍ പുനര്‍നിര്‍മ്മിക്കാനാണ് തീരുമാനം.
കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡോ.സജിത് ബാബു, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്മാന്,ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഡോ.ഇ. നസിമുദ്ദീന്,ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യുട്ടീവ് അംഗം അനില്‍ ബങ്കളം,ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് മെമ്പര്‍ നാരാജണന് പള്ളം, പി.വി പവിത്രന് എന്നിവര്‍ പങ്കെടുത്തു.