ഡൽഹിയിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപം
ന്യൂഡൽഹി: ബിജെപി പ്രാദേശിക നേതാവ് വീടിനു മുന്നിൽ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് മയൂർ വിഹാർ സ്വദേശി ജിത്തു ചൗധരി(42) കൊല്ലപ്പെട്ടത്. വീടിന് സമീപം ചോരയിൽ കുളിച്ച് കിടക്കുന്ന ജിത്തുവിന്റെ മൃതദേഹം പൊലീസാണ് കണ്ടെത്തിയത്.ബൈക്കിലെത്തിയ രണ്ടുപേർ ചേർന്ന് ജിത്തുവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ലറ്റ് തലയിലും മറ്റൊന്ന് വയറിലുമാണ് തറച്ചത്. നോയിഡയിലെ മെട്രോ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും വെടിയുണ്ടകളും മറ്റ് തെളിവുകളും കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.