പീഡനക്കേസിൽ പിടിക്കപ്പെട്ടാൽ പുരുഷത്വം കട്ടാക്കും, സർക്കാർ നീക്കത്തിനെതിരെ എതിർപ്പുമായി വനിതാ സംഘടനകൾ
ലിമ: കുട്ടികളെ പീഡിപ്പിക്കുന്ന കേസിൽ പിടിക്കപ്പെടുന്നവരെ നിർബന്ധിത രാസ ഷണ്ഡീകരണത്തിന് വിധേയരാക്കാനുള്ള നിയമം നടപ്പാക്കാനൊരുങ്ങി പെറു. ഇതുസംബന്ധിച്ച് ബിൽ ഉടൻതന്നെ പാർലമെന്റിൽ അവതരിപ്പിച്ച് അനുമതി തേടും. ജയിൽ ശിക്ഷയ്ക്ക് പുറമേയാണ് ഷണ്ഡീകരണം നടപ്പാക്കുന്നത്. ഏതുപ്രായക്കാരായിരുന്നാലും ഇതിൽ നിന്ന് ഇളവ് പ്രതീക്ഷിക്കേണ്ട. അടുത്തിടെ മൂന്നുവയസുകാരി പീഡനത്തിനിരയായത് രാജ്യത്ത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്നാണ് പുതിയ നിയമം നടപ്പാക്കാൻ തീരുമാനിച്ചത്. പാകിസ്ഥാൻ ഉൾപ്പടെയുള്ള ചില രാജ്യങ്ങളിൽ ഇപ്പോൾത്തന്നെ ഈ ശിക്ഷാരീതി നിലവിലുണ്ട്.എന്നാൽ, പെറുവിലെ വനിതാ സംഘടനങ്ങൾ ഉൾപ്പടെയുള്ളവർ പുതിയ നിയമത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പിടിയിലാകുന്ന പ്രതികൾക്ക് വേഗത്തിൽ ശിക്ഷ കിട്ടാനുള്ള സംവിധാനമാണ് രാജ്യത്തിന് ആവശ്യമെന്നും ലൈംഗികാതിക്രമം എന്താണെന്ന് ഭരണകൂടത്തിന് മനസിലാക്കാത്തതിൽ തങ്ങൾക്ക് ഏറെ വിഷമം ഉണ്ടെന്നുമാണ് അവർ പറയുന്നത്. രാസ ഷണ്ഡീകരണത്തിന് വിധേയരാകുന്നവർ പിന്നീട് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഉറപ്പിക്കാവില്ല എന്നതാണ് വിമർശനത്തിന് പ്രധാന കാരണം. പീഡനക്കേസിൽ പിടിക്കപ്പെടുന്നവർക്ക് ഷണ്ഡീകരണത്തിന് പകരം വധശിക്ഷയാണ് നൽകേണ്ടത് എന്ന ആവശ്യവും രാജ്യത്ത് ഉയർന്നുവരുന്നുണ്ട്.ഇത് ആദ്യമായല്ല ബലാത്സംഗ കേസിലെ പ്രതികളെ ഷണ്ഡീകരണത്തിന് വിധേയമാക്കുന്നത് സംബന്ധിച്ച് പെറുവിൽ ചർച്ചകൾ ആരംഭിക്കുന്നത്. 2018-ൽ 14 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്തവരെ രാസ ഷണ്ഡീകരണത്തിന് വിധേയരാക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു. ഇതുസംബന്ധിച്ച് ചൂടേറിയ ചർച്ചകൾ നടന്നു എന്നല്ലാതെ നിയമം നടപ്പിലായില്ല.രാസഷണ്ഡീകരണംശസ്ത്രക്രിയയിലൂടെ വൃഷണങ്ങള്‍ നീക്കിയാണ് പൂർണ ഷണ്ഡീകരണം നടത്തുന്നത്. എന്നാൽ, മരുന്നുകള്‍ ഉപയോഗിച്ച് ലൈംഗിക ഉത്തേജനം കുറക്കുന്ന രീതിയാണ് രാസ ഷണ്ഡീകരണം. താല്ക്കാലികമായ മാറ്റം മാത്രമാണ് പലപ്പോഴും ഇതുകൊണ്ടുണ്ടാവുക. മരുന്നുകള്‍ നല്‍കുന്നത് നിലച്ചാല്‍ ഷണ്ഡീകരണവും അതോടെ അവസാനിക്കും. അപൂർവം ചിലർക്ക് മാത്രമാണ് സ്ഥിരമായ ഷണ്ഡീകരണം ഉണ്ടാവുന്നത്.പലരിലും ഈ മരുന്നു പ്രയോഗം മൂലം ദീര്‍ഘകാലത്തേക്ക് പാര്‍ശ്വഫലങ്ങളുണ്ടാവാറുണ്ട്. കൊഴുപ്പ് കൂടുക, അസ്ഥിയുടെ സാന്ദ്രത കുറയുക, ഹൃദ്രോഗം, സ്തനവളര്‍ച്ച, രോമവളര്‍ച്ച കുറയുക, മാംസപേശികളുടെ അളവും ദൃഢതയും കുറയുക തുടങ്ങിയ പാർശ്വ ഫലങ്ങളും ഉണ്ടാവാറുണ്ട്. അതിനാൽ രാസ ഷണ്ഡീകരണം മനുഷ്യാവകാശ ധ്വംസനമാണെന്ന വിമർശനവും ഉയരുന്നുണ്ട്.