സുരേഷ് കുമാറിന്റെ വാഹന ഉപയോഗത്തിൽ പരാതിയില്ല; അധികാരത്തിലിരിക്കുന്നവർക്ക് രേഖകളിൽ കൃത്രിമം കാണിക്കാമല്ലോയെന്ന് എം എം മണി
ഇടുക്കി: കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയത് മര്യാദയില്ലാത്ത നടപടിയാണെന്ന് മുൻ വൈദ്യുത മന്ത്രി എം എം മണി. സുരേഷ് കുമാർ തന്റെ സ്റ്റാഫ് ആയിരിക്കെ കെ എസ് ഇ ബി വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. വാഹന ഉപയോഗവുമായി ബന്ധപ്പെട്ട് തനിക്ക് പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ അറിവിൽ സുരേഷ് കുമാർ വാഹനം അനധികൃതമായി ഉപയോഗിച്ചിട്ടില്ല. അധികാരത്തിലിരിക്കുന്നവർക്ക് രേഖകളിൽ കൃത്രിമം കാണിക്കാമല്ലോയെന്നും മണി വിമർശിച്ചു. സംഘടനയുടെ നേതാവെന്ന നിലയിലാണ് അയാളെ തേജോവധം ചെയ്യുന്നത്. സമരത്തിന് നേതൃത്വം കൊടുക്കുന്നത് അയാളായതിനാലാണ് പുതിയ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.
കെ എസ് ഇ ബി ബോർഡ് വാഹനം സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന് കാണിച്ചാണ് എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയത്. 6,72,560 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ എസ് ഇ ബി ചെയർമാൻ ഡോ. ബി അശോക് നോട്ടീസ് അയച്ചത്. 21 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നാണ് നോട്ടീസിൽ പറയുന്നത്.