തിയേറ്ററില്‍ കെ ജി എഫ് കാണുന്നതിനിടെ സ്വയം ‘റോക്കി’യായി യുവാവ്; തർക്കത്തിനിടെ തോക്കെടുത്ത് പിന്നിലിരുന്നയാളെ വെടിവച്ചു
ബെംഗളൂരു: തിയേറ്ററില്‍ കെ.ജി.എഫ് ചാപ്റ്റര്‍ 2 പ്രദർശിപ്പിക്കുന്നതിനിടയിലുണ്ടായ തർക്കം വെടിവയ്പ്പിൽ കലാശിച്ചു. ഒരാൾക്ക് പരിക്കേറ്റു.കര്‍ണാടകത്തിലെ ഹവേരി ജില്ലയിലാണ് സംഭവം. അക്രമിയുടെ വെടിയേറ്റ ഹവേരി മുഗളി സ്വദേശി വസന്തകുമാര്‍ ശിവപുരിനെ (27) ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമി ബഹളത്തിനിടെ ഓടിരക്ഷപ്പെട്ടു.സുഹൃത്തുക്കള്‍ക്കൊപ്പമാണ് വസന്തകുമാര്‍ സിനിമയ്ക്ക് എത്തിയത്. മുന്നിലെ സീറ്റിലേക്ക് ഇയാൾ കാല് വച്ചതോടെയാണ് തർക്കം ആരംഭിച്ചത്. മുന്നിലിരുന്നയാള്‍ വസന്തകുമാറിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.വാക്കേറ്റത്തിന് ശേഷം പുറത്തേയ്ക്ക് പോയ യുവാവ് തിരികെയെത്തിയത് കൈത്തോക്കുമായാണ്. ഇയാൾ വസന്തകുമാറിനുനേരെ തുടരെത്തുടരെ വെടിവയ്ക്കുകയായിരുന്നു. മൂന്നുതവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ടുതവണയും വസന്തകുമാറിന് വെടിയേറ്റു.വെടിയൊച്ച കേട്ടതിനു പിന്നാലെ തിയേറ്ററിലുണ്ടായിരുന്നവര്‍ പുറത്തേക്കോടി. സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റ വസന്തകുമാറിനെ ആശുപത്രിയിലെത്തിച്ചത്.വയറ്റിൽ വെടിയേറ്റ ഇയാള്‍ അപകടനില തരണം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാനായി രണ്ടു പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി ഹവേരി എസ്.പി ഹനുമന്തരായ വ്യക്തമാക്കി.