പാൽക്കുപ്പിയിൽ മദ്യം നൽകി നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി
അറ്റ്ലാന്റ: അമേരിക്കയിൽ നാലാഴ്ച പ്രായമുള്ള കുഞ്ഞിനെ മദ്യം നൽകി കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ. ഈ മാസം 14നാണ് കുഞ്ഞ് ആശുപത്രിയിൽ വച്ച് മരിച്ചത്. അബോധാവസ്ഥയിൽ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കാര്യം ചിൽഡ്രൻസ് ഹെൽത്ത്കെയർ അധികാരികൾ പൊലീസിനെ അറിയിച്ചതോടെയാണ് സംഭവത്തിന്റെ അന്വേഷണം ആരംഭിക്കുന്നത്.
പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് നിയമപരമായി അനുവദിച്ചതിന്റെ നാലിരട്ടിയിലധികം മദ്യമാണ് ഇവർ കുഞ്ഞിന് നൽകിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ സിഡ്നി ഡൺ(24), മാക്വിസ് കോൾവിൻ(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
താൻ ധാരാളം മദ്യം കഴിച്ചിരുന്നെന്നും മുലയൂട്ടുന്നതിലൂടെ കുഞ്ഞിന് വിഷബാധയേറ്റതാകാനാണ് സാദ്ധ്യതയെന്നുമാണ് ഡൺ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ അന്വേഷണത്തിനൊടുവിൽ കോൾവിൻ കുഞ്ഞിന്റെ പാൽക്കുപ്പിയിൽ മദ്യമൊഴിച്ച് നൽകിയതാണ് മരണകാരണമെന്ന് കണ്ടെത്തി. കുഞ്ഞിന്റെ മാതാപിതാക്കൾക്കെതിരെ കൊലപാതകമടക്കമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.