തിരുവനന്തപുരം വിമാനത്താവളത്തെ ലോകോത്തരമാക്കാൻ അദാനി കൊണ്ടുവരുന്നത് രണ്ട് വമ്പന്മാരെ
തിരുവനന്തപുരം: നാലു വർഷമായി പൂട്ടിക്കിടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാൻ കസ്റ്റംസ് അനുമതിയായി.മുൻപുണ്ടായിരുന്ന ചെറിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് വിശാലമാക്കിയാണ് അദാനി തുറക്കുക.ലോകനിലവാരത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പ് പുതുക്കിപ്പണിയാനുള്ള നിർമ്മാണ പ്രവൃത്തികൾ ഇന്ന് ആരംഭിക്കും.മേയ് പകുതിയോടെ തുറക്കും.ദുബായ് ആസ്ഥാനമായ ഫ്ളെമിംഗ് ഗോയും അദാനിയുമായി ചേർന്നുണ്ടാക്കിയ സംയുക്ത കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തിപ്പിക്കുക.തിരുവനന്തപുരത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കണമെന്ന് അന്താരാഷ്ട്ര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.ഫ്ളെമിംഗ് ഗോയുടെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞദിവസം ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാനുള്ള ലൈസൻസ് കസ്റ്റംസ് അനുവദിക്കുകയായിരുന്നു.13,000 യാത്രക്കാരുടെ പാസപോർട്ട് വിവരങ്ങൾ ദുരുപയോഗിച്ച്,ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ 6കോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെത്തുടർന്നാണ് പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന് 2018ൽ താഴുവീണത്.കാർഗോ കോംപ്ലക്സിലെ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോർജിന്റെ സഹായത്തോടെ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിൽ വിദേശമദ്യം വിറ്റതായി രേഖയുണ്ടാക്കി,പ്ലസ് മാക്സ് ആറു കോടിയോളം രൂപയുടെ കസ്റ്റംസ് തീരുവ വെട്ടിപ്പു നടത്തിയെന്നാണ് കേസ്.ആറു വയസുള്ള മുസ്ലിം കുട്ടിക്കു മൂന്നു കുപ്പി മദ്യം വിറ്റെന്നു പോലും രേഖയുണ്ടാക്കി.ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസൻസ് റദ്ദാക്കുകയായിരുന്നു. 2017 സെപ്തംബർ ഒന്നുമുതൽ ഡിസംബർ 21വരെ 16വിമാനക്കമ്പനികളിൽ നിന്ന് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. മദ്യക്കടത്തിൽ കസ്റ്റംസ്, സി.ബി.ഐ എന്നിവ രജിസ്റ്റർ ചെയ്ത കേസുകൾ ഇതുവരെ തീർന്നിട്ടില്ലെങ്കിലും പുതിയ ഏജൻസിയുടെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് ലൈസൻസ് അനുവദിക്കുകയായിരുന്നു.അന്താരാഷ്ട്ര നിലവാരംഒട്ടേറെ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തുന്ന ഫ്ളെമിംഗ് ഗോ ട്രാവൽ റീട്ടെയ്ൽ, മുംബയ് ട്രാവൽ റീട്ടെയ്ൽ എന്നിവയുമായി ചേർന്നാണ് അദാനി ഗ്രൂപ്പ് ഡ്യൂട്ടി ഫ്രീഷോപ്പ് തുറക്കുന്നത്.അദാനിയുടെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കാൻ ഈ കമ്പനികളുമായി കഴിഞ്ഞവർഷം ധാരണയായിരുന്നു.അന്താരാഷ്ട്ര നിലവാരത്തിലാണ് പുതിയ ഷോപ്പ് വരിക.നെടുമ്പാശേരി വിമാനത്താവളത്തിൽ സിയാലിന്റെ അരലക്ഷം ചതുരശ്രഅടി ഡ്യൂട്ടി ഫ്രീ ഷോപ്പ് വൻലാഭത്തിലാണ്.വിമാനത്താവള നടത്തിപ്പുകാർക്ക് ഏറ്റവും വരുമാനമുള്ളത് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ്.