ലീഗേ, പോരുന്നോ ഇടത്തോട്ട്, ഇടതു മുന്നണി കൺവീനർ ഇ.പി. ജയരാജന്റെ സ്വാഗതം
തിരുവനന്തപുരം: കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് വന്നാൽ മുസ്ലിംലീഗിന്റെ മുന്നണി പ്രവേശം ആലോചിക്കാമെന്നും യു.ഡി.എഫിൽ നിൽക്കുന്ന ആർ.എസ്.പിയും പുനർചിന്തനം നടത്തണമെന്നും ഇടതുമുന്നണി കൺവീനറായി സ്ഥാനമേറ്റതിനു പിറകേ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ പറഞ്ഞത് മുന്നണിയുടെ വാതിൽ പാതി തുറന്നുവച്ചതിനു തുല്യമായി.
സി.പി.എം ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ സ്വീകരിച്ച നിലപാട് മറ്റൊന്നാണെങ്കിലും, സമീപ ഭാവിയിൽ ബി.ജെ.പിക്കെതിരെയുള്ള വിശാല സഖ്യത്തിന്റെ ഭാഗമാകാൻ ലീഗ് തയ്യാറായാൽ മുന്നണി മാറ്റം സംഭവിക്കുമെന്ന കണക്കുകൂട്ടൽ പ്രമുഖ നേതാക്കൾക്കുണ്ട്. അതാണ് ഇ.പി.ജയരാജന്റെ വാക്കുകളിലൂടെ പുറത്തുവന്നത്. 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപോ, തിരഞ്ഞെടുപ്പ് ഫലം സൃഷ്ടിക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ നിന്നോ അങ്ങനെയൊരു സാഹചര്യം ഉരുത്തിരിയാമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ശക്തിതെളിയിച്ച് വീണ്ടും കേരളത്തിൽ അധികാരത്തിൽ വരാമെന്ന പ്രതീക്ഷ നിലനിറുത്താൻ കോൺഗ്രസിന് കഴിയാതെ വന്നാൽ, ലീഗ് ഇടതു പക്ഷത്തേക്ക് ചായാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. മുന്നണി മാറ്റം അജണ്ടയിലോ പരിഗണനയിലോ ഇപ്പോൾ ഇല്ലെന്നാണ് മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ആർ.എസ്.പിയാകട്ടെ, തങ്ങൾക്ക് ഇടതു മുന്നണിയിൽ നേരിട്ട അപമാനം ഓർമ്മിപ്പിക്കുകയാണ് ചെയ്തത്. എന്നാൽ,
നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയുണ്ടായ നേതൃമാറ്റങ്ങൾക്കു ശേഷം കോൺഗ്രസിൽ നടക്കുന്ന മൂപ്പിളമത്തർക്കം ഘടകകക്ഷികളിലടക്കം നിരാശ പടർത്തിയിട്ടുണ്ട്.അതു മുതലെടുക്കാനാണ് സി.പി.എം ശ്രമം.
ഇടതുമുന്നണിയിൽ കക്ഷികളുടെ എണ്ണം ഇപ്പോൾ 11 ആണ്. യു.ഡി.എഫിൽ ചേക്കേറിയ ആർ.എസ്.പിയോട് പ്രത്യക്ഷത്തിൽ സി.പി.എം പ്രതിപത്തി കാണിക്കുന്നില്ല. മുസ്ലിംലീഗിനെ ഉൾക്കൊള്ളുന്നതിനോട് സി.പി.ഐ നിലപാടും അനുകൂലമാകില്ല. അതിനാൽ, ഈ ഘട്ടത്തിൽ മുന്നണി വിപുലീകരണം സി.പി.എം ചർച്ചയാക്കില്ല.
മുന്നണി വിപുലീകരണം ഇപ്പോൾ അജൻഡയിലില്ലെന്ന് പ്രഖ്യാപിച്ച കൊച്ചി സംസ്ഥാന സമ്മേളനത്തിനു തൊട്ടുപിന്നാലെ, മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുന്നതിൽ പൊരുത്തക്കേടുണ്ടെന്ന് സി.പി.എമ്മിന് അറിയാം.
മുന്നണി വിപുലീകരണം അജൻഡയായി പ്രഖ്യാപിച്ച 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിനു ശേഷമാണ് കേരള കോൺഗ്രസ്-മാണി വിഭാഗത്തെയടക്കം ഇടതുമുന്നണിയിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങൾ നടത്തിയത്.
ഇ.പി. ജയരാജൻ എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കിയശേഷം പ്രതികരിക്കാമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്.
”ഇപ്പോൾ ശക്തമായ ഒരു മുന്നണിയിലാണ്. അത് മാറേണ്ടതില്ല. പാർട്ടി അജൻഡയിൽ അത്തരമൊരു കാര്യമില്ല. അത് ചർച്ച ചെയ്തിട്ടില്ല. നിൽക്കുന്നിടത്ത് ഉറച്ചുനിൽക്കും.’
-പി.കെ.കുഞ്ഞാലിക്കുട്ടി,
മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി
”ആർ.എസ്.പിയെ തകർത്ത് സി.പി.എമ്മിന്റെ അടിമയാക്കി കൊണ്ടുപോകാൻ ശ്രമിക്കേണ്ട.ആർ.എസ്.പി ഇടതുമുന്നണി വിട്ടുപോകാനിടയായ കാര്യങ്ങൾ ജയരാജൻ നന്നായി മനസ്സിലാക്കണം
.എ.എ. അസീസ്,
ആർ.എസ്.പി സംസ്ഥാന സെക്രട്ടറി