ഉരുൾപൊട്ടലിൽ നിന്ന് രക്ഷനേടാൻ പതിനൊന്നു വയസുകാരൻ 20 മണിക്കൂർ കഴിഞ്ഞത് ഫ്രിഡ്ജിനുള്ളിൽ; ആദ്യം ആവശ്യപ്പെട്ടത് ഇത്
മനില: ഉരുൾപൊട്ടലിൽ നിന്ന് രക്ഷനേടാൻ പതിനൊന്നുവയസുകാരൻ ഒരു ദിവസത്തോളം കഴിഞ്ഞത് ഫ്രിഡ്ജിനുള്ളിൽ. ഫിലിപ്പീൻസിലെ ബേയ്ബേയ് നഗരത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സി ജെ ജാസ്മെ എന്ന ബാലനാണ് ഫ്രിഡ്ജിൽ കയറിയിരുന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.ജാസ്മെ കുടുംബത്തിനൊപ്പം വീട്ടിൽ കഴിയവേയാണ് ഉഷ്ണമേഖലാ കൊടുങ്കാറ്റായ മേഖി വീശുന്നത്. തുടർന്ന് മണ്ണിടിച്ചിൽ ആരംഭിച്ചതോടെ ബാലൻ ഫ്രിഡ്ജിനുള്ളിൽ അഭയം പ്രാപിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഒരു പുഴയുടെ കരയിൽ നിന്നാണ് അധികൃതർ കുട്ടിയെ കണ്ടെത്തുന്നത്. 20 മണിക്കൂറോളമാണ് കുട്ടി ഫ്രിഡ്ജിനുള്ളിൽ കഴിഞ്ഞത്. പുറത്തെടുത്തതും തനിക്ക് വിശക്കുന്നുവെന്നാണ് കുട്ടി ആദ്യം പറഞ്ഞതെന്നും അധികൃതർ വെളിപ്പെടുത്തി.രക്ഷാപ്രവർത്തകർ ജാസ്മെയെ ബോധമുള്ള നിലയിലാണ് കണ്ടെത്തിയത്. ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ അപകടത്തിൽ കുട്ടിയുടെ കാലിന് പൊട്ടൽ സംഭവിച്ചിരുന്നു. രക്ഷാപ്രവർത്തകർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ഓപ്പറേഷൻ നടത്തുകയും ചെയ്തു. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.എന്നാൽ ജാസ്മെയുടെ കുടുംബത്തിന് മണ്ണിടിച്ചിലിൽ നിന്ന് രക്ഷപ്പെടാനായില്ല. കുട്ടിയുടെ പിതാവ് തൊട്ടുമുന്നത്തെ ദിവസമുണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടിരുന്നു. കുട്ടിയുടെ മൂത്ത സഹോദരൻ രക്ഷപ്പെട്ടതായാണ് വിവരം. കുട്ടിയുടെ അമ്മയെയും ഇളയസഹോദരങ്ങളെയും കണ്ടെത്താനായിട്ടില്ല. കൊടുങ്കാറ്റിനെത്തുടർന്ന് പ്രദേശത്ത് മാത്രം 172 പേർ മരിക്കുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മാത്രമല്ല 200 ദശലക്ഷം പേർക്ക് പ്രദേശം വിട്ടുപോകേണ്ടതായും വന്നു. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.