ഷാരൂഖ് ഖാനും അജയ് ദേവ്ഗണും അക്ഷയ് കുമാറും ഒന്നിച്ചെത്തി; വിമർശനവുമായി ആരാധകർ, മാപ്പ് ചോദിച്ച് താരം
ആരാധകരോട് ക്ഷമ ചോദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. പാൻ മസാല പരസ്യങ്ങളിൽ അഭിനയിച്ചതിന് താരത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് മാപ്പ് ചോദിച്ച് നടൻ രംഗത്തുവന്നത്.പ്രതിഷേധങ്ങൾ ഉയർന്നതിന് പിന്നാലെ പരസ്യക്കമ്പനിയുമായുള്ള കരാർ പിൻവലിക്കുന്നുവെന്നും അക്ഷയ് കുമാർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
എന്റെ എല്ലാ ആരാധകരോടും പ്രേക്ഷകരോടും ഞാൻ ക്ഷമ ചോദിക്കുന്നു. നിങ്ങളുടെ പ്രതികരണം ഏറെ വിഷമിപ്പിച്ചു. പുകയില ഉല്പന്നങ്ങളുടെ ഉപയോഗത്തെ ഞാനൊരിക്കലും പിന്തുണയ്ക്കില്ല. വിമൽ എലൈച്ചിയുമായുള്ള പരസ്യങ്ങൾ മൂലം പ്രേക്ഷകർ നേരിട്ട ബുദ്ധിമുട്ട് മനസിലാക്കുന്നു. ഇനി മുതൽ പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുകയില്ല. പരസ്യത്തിൽ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കും’- അക്ഷയ് കുമാർ പറഞ്ഞു.അതേസമയം താനുമായുള്ള കരാർ കഴിയും വരെ പരസ്യം സംപ്രേക്ഷണം ചെയ്യപ്പെടുമെന്നും അക്ഷയ് കുമാർ പറഞ്ഞു. താരം അഭിനയിച്ച വിമൽ പാൻ മസാലയുടെ പരസ്യം പുറത്തുവന്നതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.ഷാരൂഖ് ഖാനും അജയ് ദേവ്ഗണും പാൻ മസാല ചവച്ചുകൊണ്ട് കാറിൽ സഞ്ചരിയ്ക്കുകയാണ്. അവർ ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുമ്പോൾ അക്ഷയ് കുമാർ പാൻ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതാണ് പരസ്യം. പുകയില ഉല്പന്നങ്ങളും വിമൽ വിൽക്കുന്നുണ്ട്.പുകയില ഉല്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന നിലപാട് പണ്ടേ സ്വീകരിച്ച വ്യക്തിയാണ് അക്ഷയ് കുമാർ. പുകയില ഉല്പന്നങ്ങളുടെ പരസ്യത്തിൽ അഭിനയിക്കില്ലെന്ന് പറഞ്ഞ താരം ഇപ്പോൾ വിമൽ പരസ്യത്തിൽ അഭിനയിക്കുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളാണ് ആരാധകരുടെ ഭാഗത്തുനിന്നും ഉയർന്നത്. അക്ഷയ് കുമാർ ഇത് ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ആരാധകർ പറയുന്നു.