പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച;മോഷ്ടാക്കൾ കൊണ്ടുപോയത് ലക്ഷങ്ങളുടെ മുതലുകൾ
കൊച്ചി: കൊച്ചിയെ ഞെട്ടിച്ച് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. 20 പവൻ ആഭരണങ്ങളും 32 ലക്ഷം രൂപയും ഗോൾഡൻ റോളക്സ് വാച്ച് ഉൾപ്പെടെ വൻതുകയുടെ വസ്തുക്കളും നിശ്ചിത തുകയുടെ അമേരിക്കൻ ഡോളറുമാണ് മോഷ്ടിച്ചത്.
എറണാകുളം പള്ളിയിൽ ലെയിനിൽ അമേരിക്കൻ മലയാളിയും വ്യവസായിയുമായ പടമാടൻവീട്ടിൽ എം.സി ജോണിന്റെ വീട്ടിലായിരുന്നു മോഷണം. 24 മണിക്കൂറും ആളനക്കമുള്ള സ്വകാര്യ ആശുപത്രിക്ക് സമീപത്താണ് ബംഗ്ളാവിന് സമാനമായ ഇരുനിലവീട്.
ജോണിന്റെ സഹോദരൻ എം.സി റോയിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സമീപത്തെ സി.സി.ടിവി കാമറകൾ പരിശോധിച്ചെങ്കിലും മോഷ്ടാവിന്റെ ദൃശ്യങ്ങളില്ല. വിഷുപ്പുലരിയിൽ കവർച്ച നടന്നെന്നാണ് പൊലീസ് കരുതുന്നത്. ജോണും ഭാര്യയും ഭാര്യാ സഹോദരിയും കോവളത്തായിരുന്നു. ഈസ്റ്ററിന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. തുടർന്ന്, പരിശോധിച്ചപ്പോഴാണ് പണവും ആഭരണവുമുൾപ്പെടെ മോഷ്ടിച്ചെന്ന് മനസിലായത്.
വീടിന്റെ പിൻവാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത്. കിടപ്പുമുറിയിലെ അലമാരയുടെ പൂട്ടുപൊളിച്ച് ആഭരണവും പണവും കവർന്ന് മുൻവാതിലിലൂടെ പുറത്തുപോയെന്ന് സംശയിക്കുന്നു. ഒരുമാസം മുമ്പാണ് ജോണും ഭാര്യയും അമേരിക്കയിൽ നിന്നെത്തിയത്. ഇരുവരും താമസം തുടങ്ങിയശേഷം രാത്രി സെക്യൂരിറ്റിയെ നിയോഗിച്ചിരുന്നു.
കമ്പിപ്പാര കിട്ടി
കവർച്ചയ്ക്കുപയോഗിച്ച കമ്പിപ്പാര വീടിന്റെ പരിസരത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഫോറൻസിക് വിദഗ്ദ്ധർ വീട്ടിലെത്തി വിരലടയാളവും മറ്റും പരിശോധിച്ചു. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അടുത്തിടെ ജയിലിൽ നിന്നിറങ്ങിയ മോഷ്ടാക്കളുടെ വിവരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിൽ സി.സി.ടിവി കമാറകൾ പരിശോധിച്ച് മോഷ്ടാവിലേക്ക് എത്താനാണ് ശ്രമം. എറണാകുളം സെൻട്രൽ പൊലീസ് സി.ഐയ്ക്കാണ് അന്വേഷണത്തിന്റെ മേൽനോട്ടം.