പരമ്പരാഗത ചികിത്സയ്ക്കെത്തുന്ന വിദേശികൾക്ക് പ്രത്യേക വിസ; ആയുഷ് ഉത്പന്നങ്ങൾക്കായി മാർക്ക്, ഡിജിറ്റൽ പോർട്ടൽ, ഇ മാർക്കറ്റ്; പ്രഖ്യാപനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: മെഡിക്കൽ ടൂറിസം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പാരമ്പര്യ ചികിത്സകൾക്കായി ഇന്ത്യയിലെത്തുന്ന വിദേശികൾക്കായി പ്രത്യേക ആയുഷ് വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ഗാന്ധിനഗറിൽ ആഗോള ആയുഷ് നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരമ്പര്യ ചികിത്സയുടെ ഭാഗമായി ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തേക്കുമുള്ള യാത്രയും എളുപ്പമാക്കാൻ ഈ വിസ സഹായകമായിരിക്കുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഔഷധ സസ്യങ്ങൾ കൃഷി ചെയ്യുന്ന കർഷകരെ ആയുഷ് ഉത്പന്ന നിർമാതാക്കളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഡിജിറ്റൽ പോർട്ടൽ സ്ഥാപിക്കുന്നതുൾപ്പടെ ആയുഷ് മേഖലയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ആദാനോം ഗബ്രിയേസസ്, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നാഥ്, കേന്ദ്ര ആയുഷ് മന്ത്രി സർബാനന്ദ േേസാനോവാൾ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ ചടങ്ങിൽ പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
പരമ്പരാഗത ചികിത്സ വിദേശികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്. അതിനാൽ പാരമ്പര്യ ചികിത്സയ്ക്കായി രാജ്യത്ത് കൂടുതൽ വികസനങ്ങൾ കൊണ്ടു വരും. ആയുഷ് ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ആയുഷ് മാർക്ക് അവതരിപ്പിക്കും. കൂടാതെ അവയ്ക്കായി ആയുഷ് ഇ മാർക്കറ്റ് വ്യാപിപ്പിക്കാനുള്ള പദ്ധതിയും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ൽ ആയുഷ് മേഖലയുടെ മൂല്യം മൂന്ന് ബില്യൺ ഡോളറായിരുന്നു. ഇപ്പോൾ അത് 18 ബില്യൺ ഡോളറായി വർദ്ധിച്ചിട്ടുണ്ട്