ലാബ് ടെക്നീഷ്യന് വിദ്യാര്‍ഥിക്ക് നേരെ സദാചാര ആക്രമണം ; ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: പെണ്‍കുട്ടിയുമായി സംസാരിച്ചതിന് ലാബ് ടെക്നീഷ്യന് വിദ്യാര്‍ഥിക്ക് നേരെ സദാചാര ആക്രമണം നടത്തിയെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹസൈനാർ (46) ആണ് അറസ്റ്റിലായത്.
തളങ്കര മാലിക് ദീനാര്‍ കോളജിലെ രണ്ടാം വര്‍ഷ ലാബ് ടെക്നീഷ്യന് വിദ്യാര്‍ഥി കാറഡുക്ക-മുള്ളേരിയ സ്വദേശി ഹര്‍ഷിദിന് (19) നേരെ സദാചാര ആക്രമണം നടത്തിയെന്നാണ് പരാതി. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഒപ്പം പഠിക്കുന്ന പെണ്‍കുട്ടിയുമായി സംസാരിച്ചതാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
‘അക്രമത്തില്‍ കര്‍ണപുടം തകര്‍ന്ന് യുവാവിന്റെ കേള്‍വി ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. മൂന്ന് പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും മറ്റുള്ളവര്‍ കുട്ടികളാണ്. അക്രമം നടത്തിയത് ഹസൈനാറാണ്’, പൊലീസ് പറഞ്ഞു. ഇയാൾ നിരവധി കേസിലെ പ്രതിയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.