ലേലത്തിന് ആളില്ല, കശുവണ്ടി പെറുക്കാൻ നിയോഗിച്ചത് എസ് ഐ ഉൾപ്പടെയുള്ളവരെ; വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു
തിരുവനന്തപുരം: കശുവണ്ടി പെറുക്കാൻ പൊലീസിനെ ചുമതലപ്പെടുത്തിയ ഉത്തരവ് വിവാദമായതിന് പിന്നാലെ പിൻവലിച്ചു. പകരം ചുമതല അസിസ്റ്റന്റ് കമാന്റന്റിന് നൽകി. കണ്ണൂരിലെ കെഎപി നാലാം ബറ്റാലിയന്റെ അധീനതയിൽ സ്ഥിതി ചെയ്യുന്ന കശുമാവുകളിൽ നിന്ന് കശുവണ്ടി ശേഖരിക്കാനായാണ് പൊലീസുകാരെ ചുമതലപ്പെടുത്തിയത്.ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ തോട്ടം സാധാരണ പുറത്തുള്ളവർക്കാണ് ലേലത്തിൽ നൽകാറുള്ളത്. എന്നാൽ ഇത്തവണ നാലു തവണ ലേലത്തിനു വച്ചിട്ടും ആരും വന്നില്ല. ഇതോടെയാണ് കശുവണ്ടി പെറുക്കാനായി പൊലീസുകാരെ ചുമതലപ്പെടുത്തിയത്.എസ്ഐ ഉൾപ്പടെയുളളവരെ കശുവണ്ടി പെറുക്കാൻ ഏൽപിച്ചുകൊണ്ടുള്ള ബറ്റാലിയൻ കമാൻഡന്റ് ടി.പി.ശ്യാം സുന്ദറിന്റെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.സേനയിൽ നിന്നുതന്നെ ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ഇന്ന് പുതിയ ഉത്തരവ് പുറത്തിറക്കിയത്. കശുവണ്ടിയുടെ ഉൽപാദനം കുറഞ്ഞതും വിപണി വില കുറഞ്ഞതിനാലുമാണ് ആരും ലേലത്തിന് എത്താതിരുന്നതെന്ന് പൊലീസ് പറഞ്ഞു.