ഇങ്ങനെ പോയാൽ സംസ്ഥാനത്തെ ബി ജെ പിയുടെ അവസ്ഥ കേരളത്തെക്കാൾ കഷ്ടമാകും; അമിത് ഷാ ഉൾപ്പടെയുള്ളവർ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് ആവശ്യം
കൊൽക്കത്ത: ബംഗാൾ ബി.ജെ.പിയിലെ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും അടിയന്തര ഇടപെടൽ നടത്തണമെന്ന് ബംഗാൾ ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ സൗമിത്ര ഖാൻ ആവശ്യപ്പെട്ടു.
മുതിർന്ന നേതാക്കൾ ഉടൻ ഇടപെടൽ നടത്തിയില്ലെങ്കിൽ ബംഗാളിലെ ബി.ജെ.പിയുടെ അവസ്ഥ കേരളത്തിലെ ബി.ജെ.പിയെക്കാൾ പരിതാപകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
‘ദിശയറിയാത്ത അവസ്ഥയിലാണ് ബംഗാളിലെ പാര്‍ട്ടിയും നേതാക്കളും. ഇതിനൊരു പരിഹാരം കാണാൻ ഡല്ഹിയിലുള്ളവര്ക്കേ സാധിക്കൂ. ഉചിതമായ സഹായം അവിടെ നിന്ന് ലഭിക്കുകയും പ്രശ്നപരിഹാരമുണ്ടാക്കുകയും ചെയ്താല്‍ തൃണമൂൽ കോൺഗ്രസിന് ഒന്നും ചെയ്യാൻ സാധിക്കില്ല. ഇപ്പോഴുള്ള സംസ്ഥാന നേതാക്കളിൽ സുവേന്ദു അധികാരി മാത്രമാണ് നല്ല നേതാവ്’ – സൗമിത്ര ഖാൻ പറഞ്ഞു.
പശ്ചിമ ബംഗാളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ബി.ജെ.പി നേരിട്ടത്. ഇതോടെ നേതാക്കൾക്കിടയിലെ ഭിന്നത രൂക്ഷമായി. ഇതിന് പിന്നാലെയാണ് കേന്ദ്ര നേതാക്കളുടെ ഇടപെടൽ ആവശ്യപ്പെട്ട് ബംഗാൾ ബി.ജെ.പി ഉപാദ്ധ്യക്ഷന്‍ സൗമിത്ര ഖാൻ രംഗത്തെത്തിയത്.