രമേഷിന്റെ പ്രതികാരം: സഞ്ജിത്തിന്റെ കൊലയ്ക്ക് ആത്മസുഹൃത്ത് പകവീട്ടി, നാലു വാളുകള്‍ പുഴയില്‍നിന്നു കണ്ടെടുത്തു
പാലക്കാട് : എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സുബൈറിന്റെ കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയത് കഴിഞ്ഞ നവംബറില്‍ കൊല്ലപ്പെട്ട ആര്.എസ്.എസ്. പ്രവര്ത്തകന് സഞ്ജിത്തിന്റെ ആത്മസുഹൃത്തായ രമേഷ്. തനിക്ക് എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനു പിന്നില്‍ സുബൈറാകുമെന്നു സഞ്ജിത് നേരത്തേ രമേഷിനോടു പറഞ്ഞിരുന്നു. സഞ്ജിത്ത് കൊല്ലപ്പെട്ടതോടെ സുബൈറിനെ വകവരുത്തി രമേഷ് പ്രതികാരം ചെയ്യുകയായിരുന്നെന്ന് എ.ഡി.ജി.പി. വിജയ് സാക്കറെ പറഞ്ഞു.
സുബൈര്‍ കൊലക്കേസില്‍ കസ്റ്റഡിയിലായിരുന്ന എലപ്പുള്ളി വടക്കോട് കള്ളിമുള്ളി സ്വദേശി രമേഷ് (41), എടുപ്പുകുളം എന്‍.വി. ചള്ള ആറുമുഖന്‍ (37), മരുതറോഡ് ആലമ്പള്ളം സ്വദേശി ശരവണന് (33) എന്നിവരുടെ അറസ്റ്റ് കസബ പോലീസ് രേഖപ്പെടുത്തി. മൂന്നു പേരും ആര്.എസ്.എസ്. പ്രവര്‍ത്തകരാണ്. രമേഷാണു കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരനെന്നും എ.ഡി.ജി.പി. പറഞ്ഞു.
കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന നാലു വാളുകള്‍ എലപ്പുള്ളി മണ്ണുക്കാട് കോരയാര്‍ പുഴയില്‍നിന്നു കണ്ടെടുത്തു. നാലും ഒരുമിച്ച് കൂട്ടിക്കെട്ടി ചെളിയില്‍ പൂഴ്ത്തിയ നിലയിലായിരുന്നു. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ എലപ്പുള്ളി താഴെ പോക്കാംതോട്ടിലും തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തുമ്പോള്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇവിടെനിന്നു കണ്ടെടുത്തു.
രമേഷാണു സഞ്ജിത്തിന്റെ കാര്‍ ഉപയോഗിച്ച് സുബൈര്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ടത്. ആറുമുഖനും ശരവണനും മറ്റൊരു കാറിലാണ് എത്തിയത്. മൂന്നുപേരും ചേര്‍ന്ന് സുബൈറിനെ വെട്ടി. സഞ്ജിത്തിന്റെ കാര്‍ സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ചതിനു ശേഷം അടുത്ത കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഈ കാര്‍ പിന്നീട് കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഉപേക്ഷിച്ചു.
കഴിഞ്ഞ 8, 9 തീയതികളിലും പ്രതികള്‍ സുബൈറിനെ ലക്ഷ്യമിട്ട് എത്തിയിരുന്നെന്നും സാഹചര്യം അനുകൂലമല്ലെന്നു കണ്ട് ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. 15-ന് മൂന്നാമത്തെ ശ്രമത്തിലാണു സുബൈറിനെ കൊലപ്പെടുത്താനായത്. ഗൂഢാലോചന നടന്നിട്ടുണ്ടോ, കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. ഇതിനായി പ്രതികളെ കസ്റ്റഡിയില്‍ കിട്ടുന്നതിനു കോടതിയെ സമീപിക്കും.
സുബൈറിന്റെ കൊലപാതകത്തിനു പിറ്റേന്നാണു മേലാമുറിയിലെ കടയില്‍ കയറി ആര്.എസ്.എസ്. പ്രവര്‍ത്തകനായ ശ്രീനിവാസനെ വെട്ടിക്കൊന്നത്. ഈ കേസില്‍ ആരെയും പിടികൂടാനായിട്ടില്ല. സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേരെയാണ് തിരിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും, മൊബൈല്‍ പരിശോധനകളില്‍ നിന്നുമാണ് ഇവരിലേക്ക് എത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
സുബൈറിന്റെ പോസ്റ്റ്മോര്‍ട്ടം സമയത്തു പ്രതികള്‍ ആശുപത്രിയിലുണ്ടായിരുന്നെന്നും അവിടെനിന്നാണു കണക്കുതീര്‍ക്കാനായി പുറപ്പെട്ടതെന്നും സൂചന ലഭിച്ചിട്ടുണ്ട്. സുബൈറിന്റെ കൊലപാതകത്തിനു തിരിച്ചടിയുണ്ടാകാന്‍ ഇടയുണ്ടെന്നു പോലീസിനു ജാഗ്രതാനിര്‍ദേശം ലഭിച്ചിരിക്കെയാണു മൂന്ന് ഇരുചക്രവാഹനങ്ങളിലായെത്തിയ പ്രവര്‍ത്തകര്‍ നഗരത്തില്‍ കൊലപാതകം നടത്തി രക്ഷപ്പെട്ടത്.