റിയാദ്: ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കിയി സൗദി സുരക്ഷാ വിഭാഗം. അതിനിടെ വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം പണിയാന്‍ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കർണാടക സ്വദേശിയെ സുരക്ഷാവിഭാഗം കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കുന്താപുരം സ്വദേശി ഹരീഷ് ബങ്കേരയാണ് പിടിയിലായത്.
രാജ്യ ഭരണാധികാരിയും കീരീടാവകാശിയുമായ മുഹമ്മദ് സല്മാന് രാജകുമാരനെ അസഭ്യം പറയുകയും മക്കയിലെ വിശുദ്ധ കഅ്ബ പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന് ആഹ്വാനം ചെയ്തും കൊണ്ടായിരുന്നു ഹരീഷ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. പൗരത്വ ഭേദഗതി നിയമത്തില്‍ ഇന്ത്യയിലെ ഭരണാധികാരികള്ക്ക്ഇയാള് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ഏസി ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന ഹരീഷീന്റെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഇത് പിന്‍വലിക്കാന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് അധികൃതര്‍ നടപടി സ്വീകരിച്ച് ഹരീഷിനെ സുരക്ഷാ വിഭാഗത്തിന് കൈമാറുകയായിരുന്നു. ഹരീഷ് പിടിയിലായതോടെ രാജ്യത്തെ സുരക്ഷാ വിഭാഗം പ്രചാരണങ്ങള്‍ക്കെതിരായ നടപടി കര്‍ശനമാക്കി. മത വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കുന്നതും, തീവ്രവാദം പ്രചരിപ്പിക്കുന്നതുമായ സന്ദേശങ്ങളും , പോസ്റ്റുകളും, പരിപാടികളും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അറിയിക്കണമെന്നും ഇത്തരം പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി .