നടിയെ ആക്രമിച്ച കേസ്; കാവ്യയെ ഉടൻ ചോദ്യം ചെയ്യും, പൾസർ സുനിയുടെ ജാമ്യഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും അന്വേഷണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച്. വധഗൂഢാലോചന കേസിൽ ഒന്നരമാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി, ഇനി ദീർഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാവ്യ മാധവനെ അടക്കം ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം.
സൈബർ വിദഗ്ദ്ധൻ സായി ശങ്കറിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകൾ കേസിൽ നിർണായകമാകും. ദിലീപടക്കമുള്ള പ്രതികളുടെ ഫോണിലെ വിവരങ്ങളുടെ പരിശോധനയും വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
അതേസമയം നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. കേസിലെ വിചാരണ നടപടികൾ അടുത്ത കാലത്തൊന്നും പൂർത്തിയാകാൻ സാദ്ധ്യതയില്ല. താൻ ഒഴികെയുള്ള പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ട്. അഞ്ച് വർഷമായി വിചാരണ തടവുകാരനായി കഴിയുന്ന തനിക്ക് ജാമ്യം നൽകണമെന്നാണ് ഹർജിയിൽ പറയുന്നത്.