ജോലിയ്ക്കിടെ ലാപ്ടോപ്പ് പൊട്ടിത്തെറിച്ചു; 23കാരി ഗുരുതരാവസ്ഥയിൽ
ഹൈദരാബാദ്: വർക്ക് ഫ്രം ഹോമിന്ടെ ലാപ്ടോപ്പിൽ നിന്ന് തീപിടിച്ച് 23കാരി ഗുരുതരാവസ്ഥയിൽ. ആന്ധ്രാപ്രദേശ് കടപ്പ ജില്ല മേകവരിപ്പള്ളി സ്വദേശിയായ സുമലതയ്ക്കാണ് 80ശതമാനം പൊള്ലലേറ്റത്. ലാപ്ടോപ്പ് ചാർജ് ചെയ്യുന്നതിനിടെ പെട്ടെന്ന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. തീപ്പൊരി കിടക്കയിലേയ്ക്ക് വീഴുകയും തുടർന്ന് മുറിയാകെ തീപടരുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.ബംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ സോഫ്റ്റ്വെയർ എഞ്ചിനിയറാണ് സുമലത. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടിൽ നിന്നാണ് ഇവർ ജോലി ചെയ്തിരുന്നത്. ലാപ്ടോപ്പ് സുമലതയുടെ മടിയിൽ വച്ചിരിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് മുറിയിലാകെ തീപടർന്നത് കണ്ടതെന്ന് സുമലതയുടെ മാതാപിതാക്കൾ പറഞ്ഞു. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.