പനാജി: പൗരത്വ ഭേദഗതിക്കെതിരേ പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ച് ഗോവ മുഖ്യമന്ത്രിയും. പൗരത്വ ഭേദഗതി നിയമവും പൗരത്വപട്ടികയും ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും നടപ്പാക്കേണ്ടതില്ലെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടു. വടക്കന്‍ ഗോവയില്‍ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവയില്‍ പൗരത്വപട്ടിക ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടുള്ള ആയിരങ്ങളാണ് ഗോവയിലുള്ളത്. പൗരത്വ ഭേദഗതി ഇവര്‍ക്ക് പ്രതികൂലമായി ബാധിക്കുമെന്ന ഭീതി വ്യാപകമാണ്.കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതുപോലെ ഗോവക്കാര്‍ക്ക് നിലവില്‍ ഒരു പ്രശ്നവുമുണ്ടാവില്ല. പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടുള്ളവര്‍ക്ക് അത് മാറ്റാന്‍ നിയമപരമായ നടപടിക്രമങ്ങളുണ്ട്- അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിന്റെ മുന്നോടിയായി കണക്കാക്കുന്ന ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ 2020 ഏപ്രില്‍ മുതല്‍ തുടങ്ങുന്നതിനെ കുറിച്ച് ആരാഞ്ഞപ്പോള്‍ ഗസറ്റ് നോട്ടിഫിക്കേഷന്‍ വായിച്ചതിനു ശേഷം അതേകുറിച്ച് പ്രതികരിക്കാമെന്നായിരുന്നു മറുപടി.
450 വര്‍ഷം പോര്‍ച്ചുഗീസ് കോളനിയായ ഗോവ 1961 ലാണ് സ്വതന്ത്രമായത്. പോര്‍ച്ചുഗല്‍ വിട്ടുപോകുന്ന സമയത്ത് പൗരന്മാര്ക്ക് പോര്‍ച്ചുഗീസ് പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. പോര്‍ച്ചുഗീസ് ഭരണകാലത്ത് ഗോവയില്‍ ജീവിച്ചിരുന്നവര്‍ക്കും അവരുടെ മൂന്ന് പിന്തലമുറക്കുമാണ് പൗരത്വം വാഗ്ദാനം ചെയ്തിരുന്നത്.
ഈ സൗകര്യം ഉപയോഗിച്ച് നിരവധി പേര് പോര്‍ച്ചുഗലിലേക്ക് പോവുകയും പിന്നീട് ബ്രിട്ടനിലെത്തുകയും ചെയ്തു. യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലേക്കുള്ള എളുപ്പമായ ഒരു കുടിയേറ്റ മാര്‍ഗമായി പലരും ഈ വഴി തിരഞ്ഞെടുത്തിരുന്നു. പോര്‍ച്ചുഗീസ് പാസ്പോര്‍ട്ടിനു മുന്നോടിയായ പോര്‍ച്ചുഗീസ് തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള നിരവധി പേര് ഗോവയിലുണ്ട്. 30000 ഗോവക്കാരാണ് ഇങ്ങനെയുള്ളതെന്നാണ് കരുതുന്നത്.