സ്വർണവും പണവുമാെക്കെ ഇപ്പോൾ ഔട്ട്, ദമ്പതികൾക്ക് വിവാഹസമ്മാനമായി ചെറുനാരങ്ങ മാത്രം മതി
രാജ്കോട്ട്: വിവാഹത്തിന് ബന്ധുക്കളും സുഹൃത്തുക്കളും വധൂവരന്മാർക്ക് സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. വിലകൂടിയ സമ്മാനങ്ങൾ നൽകാനാണ് പലർക്കും താൽപ്പര്യം. വിപണിയിൽ നാരങ്ങയുടെ വില കുതിച്ചുയർന്നതോടെ ഇപ്പോഴിതാ വിവാഹസമ്മാനമായി പലരും നാരങ്ങ നൽകാൻ തുടങ്ങിയിരിക്കുകയാണ്. ഗുജറാത്തിലെ രാജ്കോട്ടിലെ ധരോജിലാണ് ഇത്തരത്തിലൊരു വിവാഹസമ്മാനം വരന് ലഭിച്ചത്. വിവാഹസമ്മാനമായി ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വരന് നാരങ്ങ നിറച്ച കവറുകൾ നൽകിയതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു.
‘വേനൽകാലത്ത് രാജ്യത്ത് ചെറുനാരങ്ങയുടെ വില കുതിച്ചുയരുകയാണ്. അതുകൊണ്ടാണ് നാരങ്ങകൾ സമ്മാനമായി നൽകിയത്.’- വരന്റെ ബന്ധുവായ ദിനേശ് പറഞ്ഞു. ഹൽദി ചടങ്ങിനിടെയാണ് ബന്ധുക്കൾ വരന് സമ്മാനം നൽകിയത്. ചൂടുകാലമായതിനാൽ രാജ്കോട്ടിൽ ഒരു കിലോ നാരങ്ങയുടെ വില 200രൂപ വരെയായി ഉയർന്നിട്ടുണ്ട്.
അതേസമയം, വിവാഹത്തിന് വിചിത്രമായ സമ്മാനങ്ങൾ നൽകുന്നത് നമ്മുടെ രാജ്യത്ത് ഇതാദ്യമല്ല. വിലക്കയറ്റത്തിനിടെ തമിഴ്നാട്ടിലെ ഒരു ദമ്പതികൾക്ക് പെട്രോളും ഡീസലും സമ്മാനമായി ലഭിച്ചിരുന്നു. ദമ്പതികൾ സന്തോഷത്തോടെ സമ്മാനം സ്വീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ ഗ്യാസ് സിലിണ്ടറും ഉള്ളിയും വരെ വിവാഹസമ്മാനമായി നൽകുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.