ആർ എസ് എസ് നേതാവിന്റെ കൊലപാതകം; കേന്ദ്ര ഏജൻസി അന്വേഷിക്കണം, അമിത് ഷാ കേരളത്തിലെത്തുമ്പോൾ ഇക്കാര്യം ആവശ്യപ്പെടുമെന്ന് ബി ജെ പി
പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് ബി ജെ പി. പാലക്കാട്ടെ കൊലപാതകം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ വരുമ്പോൾ ഇക്കാര്യം ആവശ്യപ്പെടുമെന്നും ബി ജെ പി ജനറൽ സെക്രട്ടറി സി കൃഷ്ണ കുമാർ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 29നാണ് അമിത് ഷാ കേരളത്തിലെത്തുക. തിരുവനന്തപുരത്ത് നടക്കുന്ന പാർട്ടി നേതൃയോഗത്തിൽ പങ്കെടുക്കും. കേരളത്തിലെ മതഭീകരവാദത്തിന്റെ ഗൗരവം അദ്ദേഹത്തെ ധരിപ്പിക്കുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്നലെ അറിയിച്ചിരുന്നു.
ഏപ്രിൽ പതിനാറിന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആർ എസ് എസ് നേതാവ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലും ഒരു സ്കൂട്ടറിലുമായി ആറുപേർ എത്തിയാണ് ആക്രമണം നടത്തിയത്. കടയിൽ കയറി വെട്ടുകയായിരുന്നു.എസ് ഡി പി ഐ പ്രവർത്തകനായ സുബെെർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ആക്രമണം. സുബെെറിന്റെ കൊലയ്ക്കു പിന്നിൽ ആർ എസ് എസ് ആണെന്ന് എസ് ഡി പി ഐ ആരോപിച്ചിരുന്നു. സുബെെറിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറിലും പറഞ്ഞിരുന്നു.