ഇനി മുതൽ ഈ സംസ്ഥാനത്തുള്ളവർക്ക് മറയില്ലാതെ കഞ്ചാവ് വാങ്ങിക്കാം; ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗവർണർ
ഒട്ടുമിക്ക രാജ്യങ്ങളിലും നിരോധനമുള്ള ലഹരിവസ്തുവാണ് കഞ്ചാവ്. ഈ ചെടി വളർത്തുകയോ കെെയിൽ സൂക്ഷിക്കുകയോ ചെയ്താൽ അറസ്റ്റ് ഉറപ്പാണ്. ഇപ്പോഴിതാ ആസ്വാദനത്തിനായി ഉപയോഗിക്കാനുള്ള കഞ്ചാവിന്റെ വിൽപനയ്ക്ക് അനുമതി നൽകിയിരിക്കുകയാണ് യുഎസിലെ ന്യൂജേഴ്സി.ഈ മാസം 21 മുതൽ സംസ്ഥാനത്തുള്ളവർക്ക് കഞ്ചാവ് വാങ്ങിക്കാം. 21 വയസ് പൂർത്തിയായവർക്ക് മാത്രമേ ഇതിന് അനുവാദമുള്ളു. ഗവർണർ ഫിൽ മർഫിയാണ് ഇക്കാര്യം അറിയിച്ചത്. പുത്തൻ കഞ്ചാവ് വ്യവസായം സൃഷ്ടിക്കാനുള്ള ചരിത്രപരമായ ചുവടുവയ്പ്പെന്നാണ് നടപടിയെ മർഫി വിശേഷിപ്പിച്ചത്.ചികിത്സാ ആവശ്യത്തിനായി കഞ്ചാവ് ഉൽപാദിപ്പിപ്പിക്കുന്ന ഏഴ് ശാലകൾക്കാണ് അനുമതി നൽകിയത്. മുമ്പ് നടന്ന ഹിതപരിശോധനയിൽ കഞ്ചാവ് വിൽക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് ജനം സ്വീകരിച്ചിരുന്നത്.ന്യൂജേഴ്സിക്കു പുറമേ 16 സംസ്ഥാനങ്ങളിലും കഞ്ചാവ് ഉപയോഗത്തിനുള്ള നിയമസാധുത നൽകിയിട്ടുണ്ട്. ചികിത്സാ ആവശ്യങ്ങൾക്കായി യുഎസിലെ 37 സംസ്ഥാനങ്ങൾക്കാണ് കഞ്ചാവ് ഉപയോഗിക്കാനാവുക.